
300നു മേലുള്ള സ്കോറുകള്‍ പോലും അനായാസം ചേസിംഗ് ടീം നേടുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി പ്രതീക്ഷകളുമായി ഇറങ്ങിയ ന്യൂസിലാണ്ടിനു ബാറ്റിംഗ് തകര്‍ച്ച. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടാന്‍ മാത്രമേ ആദ്യം ബാറ്റ് ചെയ്ത കീവികള്ക്കായുള്ളു. തുടക്കം ലഭിച്ച ന്യൂസിലാണ്ട് താരങ്ങള്‍ക്ക് തങ്ങളുടെ സ്കോറുകളെ ഉയര്‍ന്ന സ്കോറുകളാക്കി മാറ്റുവാന്‍ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്. റോസ് ടെയ്ലര് 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കെയിന്‍ വില്യംസണ്(57), മാര്ട്ടിന് ഗുപ്ടില്‍(33), നീല്‍ ബ്രൂം(36) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
84 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ന്യൂസിലാണ്ടിന്റെ തകര്‍ച്ചയുടെ തുടക്കം വില്യംസണിന്റെ റണ്‍ഔട്ട് ആയിരുന്നു. സ്കോര്‍ 152/2 എന്ന നിലയില്‍ നിന്ന് 229/6 എന്ന നിലയിലേക്ക് പിന്നീട് ന്യൂസിലാണ്ട് കൂപ്പുകുത്തുകയായിരുന്നു. മൊസദ്ദേക് ഹൊസൈന്‍ സൈക്കത്താണ് ന്യൂസിലാണ്ട മധ്യനിരയെ തകര്‍ത്തത്. തന്റെ 3 ഓവറുകളില്‍ 13 റണ്‍സിനു മൂന്ന് വിക്കറ്റാണ് സൈക്കത്ത് നേടിയത്. ടാസ്കിന് അഹമ്മദ്(2), മുസ്തഫിസുര്‍, റൂബല്‍ ഹൊസൈന്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial