
ചാമ്പ്യന്‍സ് ട്രോഫി സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ വിജയം തേടി പാക്കിസ്ഥാന് ഇന്ന് എഡ്ജ്ബാസ്റ്റണില്. ഇന്ത്യയോടു ദയനീയ പരാജയം ഏറ്റുവാങ്ങിയ അവര്‍ക്ക് ഇന്ന് കൂടുതല്‍ പ്രയാസകരമായ ദൗത്യമായിരിക്കും ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര് മികച്ച ഫോമിലാണ്. ക്വിന്റണ്‍ ഡിക്കോക്ക് ആദ്യ മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു. മൂര്‍ച്ചയേറിയ പേസ് ബൗളിംഗ് നിര ദക്ഷിണാഫ്രിക്കയെ കൂടുതല്‍ കരുത്തരാക്കുന്നു. ബൗളിംഗ് റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കക്കാരാണെന്നുള്ളത് ടീമിന്റെ ബൗളിംഗ് ശക്തി തെളിയിക്കുന്നതാണ്. ഇമ്രാന് താഹിര്‍ ഇംഗ്ലീഷ് സാഹചര്യങ്ങളിലും അപകടാരിയാണെന്ന് തെളിയിച്ചിരുന്നു കഴിഞ്ഞ മത്സരത്തില്‍. എബിഡി ഫോം വീണ്ടെടുക്കുന്നത് കാണുവാനാവും ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ കാത്ത് നില്ക്കുക. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളൊന്നും തന്നെ ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വരുത്തുവാന്‍ സാധ്യതയില്ല.
നേരെ മറിച്ച് പാക്കിസ്ഥാന് ടീമിനു പ്രതീക്ഷയ്ക്ക് വക നല്കുന്ന വാര്‍ത്തകളല്ല ഇംഗ്ലണ്ടില്‍ നിന്നുള്ളത്. വഹാബ് റിയാസ് പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. മുഹമ്മദ് അമീറിനും ചെറിയ പരിക്കിന്റെ അലോസരമുണ്ടെന്നാണ് കഴിഞ്ഞ മത്സരത്തില്‍ നിന്ന് മനസ്സിലായത്. 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് അവര്ത്തിക്കാനാകുമെന്ന് കടുത്ത പാക് ആരാധകര്‍ പോലും കരുതുന്നുണ്ടാവില്ല.
പാക്കിസ്ഥാന് ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയാണെങ്കില്‍ ടൂര്‍ണ്ണമെന്റിലെ തന്നെ അട്ടിമറിയായി അതിനെ വിലയിരുത്താവുന്നതാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial