കരുത്താര്‍ന്ന ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ

- Advertisement -

ബംഗ്ലാദേശിനെതിരെ ശക്തമായ സ്കോറുമായി ഇന്ത്യ. തങ്ങളുടെ രണ്ടാം പരിശീലന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് നേടുകയായിരുന്നു. 94 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഔട്ട് ആയ ദിനേശ് കാര്‍ത്തിക്ക് ആണ് ടോപ് സ്കോറര്‍. രണ്ടാം ഓവറില്‍ രോഹിത് ശര്‍മ്മയെയും ഏഴാം ഓവറില്‍ രഹാനയെയും നഷ്ടമായ ഇന്ത്യയ്ക്കായി കാര്‍ത്തിക്കും ശിഖര്‍ ധവാനും(60) ചേര്‍ന്ന് 100 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ധവാന്‍ പുറത്തായശേഷം ക്രീസിലെത്തിയ കേധാര്‍ ജാഥവ് 31 റണ്‍സ് നേടി. 94 റണ്‍സെടുത്ത കാര്‍ത്തിക് മറ്റു താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും സ്കോറിംഗ് ചുമതലകള്‍ ഏറ്റെടുത്തു. 32 റണ്‍സ് നേടിയ ജഡേജ പുറത്തായെങ്കിലും ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. 54 പന്തുകള്‍ നേരിട്ട ഹാര്‍ദ്ദിക് 6 ബൗണ്ടറിയും 4 സിക്സറുകളും നേടി.

ബംഗ്ലാദേശിനു വേണ്ടി റൂബല്‍ ഹൊസൈന്‍ മൂന്നും, സുന്‍സമുല്‍ ഇസ്ലാം രണ്ടും മുസ്തഫിസുര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Advertisement