Engafg

സെഞ്ച്വറിയ്ക്ക് ശേഷം ജോ റൂട്ട് വീണു, ഇംഗ്ലണ്ടും, 8 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ചാമ്പ്യന്‍സ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയവുമായി അഫ്ഗാനിസ്ഥാന്‍. ജോ റൂട്ടിന്റെ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ടിനെ 49.5 ഓവറിൽ 317 റൺസില്‍ എറിഞ്ഞിട്ടപ്പോള്‍ അഫ്ഗാനിസ്ഥാന്‍ എട്ട് റൺസ് വിജയം ആണ് നേടിയത്. അസ്മത്തുള്ള ഒമര്‍സായി 5 വിക്കറ്റുമായി ബൗളിംഗിൽ അഫ്ഗാന്‍ നിരയിൽ തിളങ്ങി. തോൽവിയോടെ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിയിൽ നിന്ന് പുറത്തായി.

ജോ റൂട്ട് ഒരു വശത്ത് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ താരത്തിന് ലഭിയ്ക്കാതെ പോയതാണ് ഇംഗ്ലണ്ടിന് പ്രതിസന്ധി സൃഷ്ടിച്ചത്. 38 റൺസ് നേടിയ ബെന്‍ ഡക്കറ്റും അത്രയും തന്നെ റൺസ് നേടിയ ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

അഞ്ചാം വിക്കറ്റിൽ റൂട്ടും ബട്‍ലറും ചേര്‍ന്ന് 83 റൺസാണ് നേടിയത്. ഈ കൂട്ടുകെട്ട് ക്രീസിൽ നിന്നപ്പോള്‍ ഇംഗ്ലണ്ട് അതിശക്തമായാണ് മുന്നേറിയത്.

233/6 എന്ന നിലയിൽ നിന്ന് 54 റൺസ് കൂട്ടുകെട്ട് ഓവര്‍ടണുമായി നേടി ജോ റൂട്ട് മത്സരത്തിലേക്ക് ഇംഗ്ലണ്ടിനെ തിരികെ കൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഒമര്‍സായി റൂട്ടിനെ പുറത്താക്കിയത്.  120 റൺസാണ് റൂട്ട് നേടിയത്.

ജാമി ഓവര്‍ട്ടണും ജോഫ്ര അര്‍ച്ചറും ടീമിനെ അവസാന മൂന്നോവറിൽ 25 റൺസെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. 28 പന്തിൽ 32 റൺസ് നേടിയ ജാമി ഓവര്‍ട്ടണേ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി മത്സരത്തിലെ തന്റെ നാലാം വിക്കറ്റാണ് നേടിയത്.

അവസാന രണ്ടോവറിൽ ഇംഗ്ലണ്ട് 16 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. തൊട്ടടുത്ത ഓവറിൽ ജോഫ്ര ആര്‍ച്ചറെ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ 9ാം വിക്കറ്റ് വീണു. 8 പന്തിൽ 14 റൺസാണ് ജോഫ്ര് നേടിയത്. 49ാം ഓവറിൽ നിന്ന് വെറും 3 റൺസാണ് വന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 13 റൺസായി മാറി.

 

Exit mobile version