മധ്യ ഓവറുകളില്‍ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍

ഭുവനേശ്വര്‍ കുമാര്‍ ഏല്പിച്ച ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം കുതിയ്ക്കുകയായിരുന്ന ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. രവീന്ദ്ര ജഡേജയും കേധാര്‍ ജാഥവും ഇരുവശത്ത് നിന്നും പന്തെറിഞ്ഞപ്പോള്‍ റണ്‍ഒഴുക്ക് നിലയ്ക്കുകയായിരുന്നു. ഇരുവരും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ സെമി ഫൈനലില്‍ മികച്ച സ്കോര്‍ എന്ന ബംഗ്ലാദേശ് സ്വപ്നം പൊലിയുകയായിരുന്നു. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് മാത്രമേ ബംഗ്ലാദേശിനു നേടാനായുള്ളു.
മത്സരം തുടങ്ങുന്നതിനു മുമ്പ് പെയ്ത മഴ കാരണം ടോസ് ലഭിച്ച ഇന്ത്യന്‍ നായകന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സൗമ്യ സര്‍ക്കാരിനെ പൂജ്യത്തിനു പുറത്താക്കി ഭുവി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നല്കി. മറുവശത്ത് നിന്ന് ബുംറ കൃത്യതോടെ പന്തെറിഞ്ഞപ്പോള്‍ തന്റെ ഓവറില്‍ അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ സബ്ബിര്‍ റഹ്മാനെ(19) പുറത്താക്കി ഭുവനേശ്വര്‍ വിക്കറ്റ് നേ്ടം രണ്ടാക്കി ഉയര്‍ത്തി. 31/2 എന്ന നിലയില്‍ തമീം ഇക്ബാലിനു കൂട്ടായി എത്തിയ മുഷ്ഫികുര്‍ റഹീമുമായി ചേര്‍ന്ന് ബംഗ്ലാദേശ് തിരിച്ചുവരവ് നടത്തുന്നതിനിടയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ തമീം ക്ലീന്‍ ബൗള്‍ഡായെങ്കിലും ധര്‍മ്മസേന നോബോള്‍ വിളിക്കുകയായിരുന്നു. ഇതിനു ശേഷം ഇന്ത്യന്‍ ബൗളിംഗിനെ സധൈര്യം നേരിട്ട ബംഗ്ലാ ബാറ്റ്സ്മാന്മാര് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു.
തന്റെ പ്രധാന ബൗളര്‍മാര്‍ക്ക് ഇവരെ ബുദ്ധിമുട്ടിക്കാനാകുന്നില്ലെന്ന് കണ്ട കോഹ്ലി കേധാര്‍ ജാഥവിനെ പന്തെറിയാന്‍ ഏല്പിക്കുകയായിരുന്നു. കേധാറും ജഡേജയും ഓവറുകള്‍ പെട്ടെന്നെറിഞ്ഞു തീര്‍ത്തപ്പോള്‍ റണ്‍ കണ്ടെത്തുന്നതില്‍ ബംഗ്ലാദേശ് ബുദ്ധിമുട്ടി. കേധാര്‍ ജാഥവിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ച് തമീം ഇക്ബാല്‍ (70) പുറത്തായപ്പോള്‍ സഖ്യം 123 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. മികച്ചൊരു ക്യാച്ചിലൂടെ ധോണി ഷാകിബിനെ പുറത്താക്കിയപ്പോള്‍ ജഡേജ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 61 റണ്‍സ് നേടിയ റഹീമിനെ കോഹ്ലിയുടെ കൈകളിലെത്തിച്ചപ്പോള്‍ കേധാര്‍ ജാഥവ് തന്റെ രണ്ടാം വിക്കറ്റും നേടി.
അവസാന ഓവറുകളില്‍ ജസ്പ്രീത് ബുംറയും വിക്കറ്റ് പട്ടികയില്‍ ഇടം നേടിയപ്പോള്‍ മൂന്നുറെന്ന ബംഗ്ലാദേശ് മോഹങ്ങള്‍ തകരുകയായിരുന്നു. മഹമ്മദുള്ള(21), മഷ്റഫേ മൊര്‍തസ(30*) എന്നിവരായിരുന്നു ബംഗ്ലാദേശിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. എട്ടാം വിക്കറ്റില്‍ നേടിയ 35 റണ്‍സ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ 250 റണ്‍സ് കടത്തുകയായിരുന്നു. ടാസ്കിന് അഹമ്മദ് 11 റണ്‍സ് നേടി പുറത്താകാതെ നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial