എറിഞ്ഞിട്ട് ഇന്ത്യ, ന്യൂസിലാണ്ടിനെതിരെ 45 റണ്‍സിന്റെ വിജയം ഡക്ക്വര്‍ത്ത് ലൂയിസിലൂടെ

മഴ തടസപ്പെടുത്തിയ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ന്യൂസിലാണ്ടിനെതിരെ 45 റണ്‍സ് ജയം. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗിനെ മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സിന്റെ വിജയം സ്വന്തമാക്കാനായി.

ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ വട്ടം കറങ്ങിയപ്പോള്‍ 38.4 ഓവറില്‍ 189 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ലൂക്ക് റോഞ്ചി(66), ജെയിംസ് നീഷം(46*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും പരാജയമായിരുന്നു ന്യൂസിലാണ്ട് ബാറ്റിംഗ് നിര. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമിയും, ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ടും അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അജിങ്ക്യ രഹാനയേ(7) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും(40) വിരാട് കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്കടുത്തെത്തിച്ചു. ധവാന്‍ പുറത്തായ ശേഷം വന്ന ദിനേശ് കാര്‍ത്തിക് അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് മടങ്ങിയെങ്കിലും കോഹ്‍ലി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മഴ കളി തടസ്സപ്പെടുത്തുമ്പോ ഇന്ത്യ 26 ഓവറില്‍ 129/3 എന്ന നിലയിലായിരുന്നു. 52 റണ്‍സുമായി കോഹ‍്‍ലിയും 17 റണ്‍സുമായി ധോണിയുമായിരുന്നു ക്രീസില്‍.