ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍

പാകിസ്ഥാനുമായിട്ടുള്ള ക്രിക്കറ്റ് മത്സരങ്ങൾ എപ്പോഴും കാണികൾക്ക് ആവേശം തരുന്നവയാണ്. രണ്ടു രാജ്യങ്ങൾക്കും കേവലം ഒരു ക്രിക്കറ്റ് മത്സരം ജയിക്കുക എന്നതിനപ്പുറം ആത്മാഭിമാനത്തിന്റെ പ്രശ്നം കൂടെയാണ്. അതിർത്തിയിലുള്ള അസ്വസ്ഥതകൾക്ക് ഇടയിലാണ് ഇപ്രാവശ്യത്തെ മത്സരം എന്നത് കൊണ്ട് തന്നെ സമ്മർദ്ദവും കൂടുതലാണ്.

കാലാകാലങ്ങളായിട്ട് ഇന്ത്യയുടെ ബാറ്റിങ്ങും പാകിസ്താന്റെ ബൗളിങ്ങും തമ്മിലുള്ള മത്സരമായിട്ടാണ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളെ ആരാധകർ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ കാലങ്ങളിൽ കളിക്കളത്തിലെ സാഹചര്യങ്ങൾ പ്രധാനമായിരുന്നു. ഫ്ലാറ്റ് പിച്ചാണെങ്കിൽ ഇന്ത്യയ്ക്കും, സ്വിങ് ഉള്ള പിച്ച് ആണെങ്കിൽ പാകിസ്ഥാനും ആയിരുന്നു മുൻ‌തൂക്കം.

ഇന്ത്യയും പാകിസ്ഥാനും ഇതുവരെ 127 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 72 എണ്ണം ജയിച്ചത് പാകിസ്ഥാനാണ്. എന്നാൽ പിന്നീടുള്ള കാലയളവിൽ ഇന്ത്യയുടെ റെക്കോർഡ് മെച്ചപ്പെട്ടു. രണ്ടു ടീമുകളിലും കൂടെ അരങ്ങേറിയ വർഷം വെച്ച് നോക്കുകയാണെങ്കിൽ ഏറ്റവും സീനിയർ താരമായ ഷൊയൈബ് മാലിക് അരങ്ങേറിയ 1999 ഒക്ടോബർ മുതലുള്ള ഇന്ത്യ പാക് മത്സരങ്ങൾ നോക്കിയാൽ 49 മത്സരങ്ങളിൽ ഇന്ത്യ 24 കളികൾ ജയിച്ചപ്പോൾ 25 എണ്ണം പാകിസ്ഥാൻ ജയിച്ചു. 2011 മുതലുള്ള ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിൽ വിരാട് കോഹ്ലി എന്ന ബാറ്റിംഗ് മാന്ത്രികൻ തൻ്റെ ബാറ്റുകൊണ്ട് മിന്നുന്ന പ്രകടനങ്ങൾ ആണ് നടത്തിയിട്ടുള്ളത്. അതെ കോഹ്ലി ക്യാപ്റ്റനായി വരുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്.

ടീം ഘടന പ്രവചിക്കാൻ പറ്റാത്ത രീതിയിൽ ഒട്ടുമിക്ക ഇന്ത്യൻ കളിക്കാരും ഫോമിലാണ്. പാകിസ്‌ഥാനാകട്ടെ കഴിഞ്ഞ കുറെ കൊല്ലങ്ങളായിട്ട് സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കൊണ്ട് വലയുകയാണ്. ജയിക്കാൻ സാധ്യത ഉള്ള സാഹചര്യങ്ങളിൽ തോൽക്കുകയും, തോൽക്കുമെന്ന് ഉറപ്പിച്ചിടത്തുനിന്നും ജയിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. വഹാബ് റിയാസും, മുഹമ്മദ് ആമിറും, ജുനൈദ് ഖാനും നയിക്കുന്ന പേസ് അറ്റാക്ക് തന്നെയാണ് കരുത്ത്.

ഇന്ത്യയുടെ പേസർമാരെല്ലാം മികച്ച ഫോമിലാണെന്നത് ഏറ്റവും ശ്രദ്ധേയമാണ്. ഉമേഷും, ഷമിയും, ഭുവനേശ്വറും, ബുമ്രയും ഒക്കെ തങ്ങളുടെ ഫോമിൻറെ പാരമ്യത്തിലാണെന്ന് തന്നെ പറയാം. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയ്ക് നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ശിഖർ ധവാനും, ജഡേജയും ഫോമിലാണ്. ലോവർ മിഡിൽ ഓർഡർ കളിക്കുന്ന ഹർദിക് പാണ്ട്യയും, കേദാർ ജാദവും അതുപോലെ ഫോമിലാണ്. ധോണിയുടെയും, രോഹിതിന്റെയും, യുവരാജിന്റെയും കാര്യത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് എന്തെങ്കിലും ടെൻഷൻ ഉള്ളത്.

പേരുകേട്ട ബൗളിംഗ് ലൈനപ്പ് ഉണ്ടായിട്ടും പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 340നു മുകളിൽ റൺ വിട്ടുകൊടുത്തത് അവരുടെ ബൗളർമാരുടെ ആത്മവിശ്വാസത്തിനു സാരമായ കോട്ടം തട്ടിയിട്ടുണ്ടാവണം. ബാറ്റ്സ്മാന്മാരുടെ പ്രകടനമായിരിക്കും പാകിസ്ഥാന്റെ ടൂർണമെന്റിലുള്ള നിലനിൽപ്പിന്റെ ആധാരം. ഇമാദ് വാസിമും, സർഫറാസ് അഹമ്മദും, ഷൊയൈബ് മാലിക്കും ആയിരിക്കും പാകിസ്ഥാന്റെ പ്രകടനത്തിൽ നിർണായകം.

എന്ത് തന്നെ ആയാലും ഒരു തകർപ്പൻ പ്രകടനം തന്നെ കാണാമെന്ന് കരുതാം.