സാധ്യമോ ആ സ്വപ്ന ഫൈനല്‍, പാക്കിസ്ഥാനെ നേരിട്ടാനുള്ള അവസരത്തിനായി ഇന്ത്യ ബംഗ്ലാദേശിനെതിരെ

വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍. അതിനുള്ള അരങ്ങ് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്, ഇന്ത്യ ബംഗ്ലാദേശുമായുള്ള തങ്ങളുടെ സെമി മത്സരം ജയിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു ഈ സ്വപ്ന ഫൈനലിലേക്കുള്ള പ്രവേശനത്തിനായി. ആധികാരികമായിരുന്നു ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ വിജയങ്ങള്‍ കൈവിട്ടു പോയത് ശ്രീലങ്കയുമായിട്ടുള്ള മത്സരം മാത്രം. അതിലും ബാറ്റിംഗ് തങ്ങളുടെ കരുത്ത് കാട്ടി. ആ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. ബൗളിംഗ് നിരയില്‍ ഒരു മാറ്റവുമായി ഇറങ്ങിയ ഇന്ത്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞു കെട്ടുകയായിരുന്നു.
ഇന്ത്യയുടെ ശക്തി ബാറ്റിംഗ് തന്നെയാണ്. ഓപ്പണര്‍മാര്‍ രണ്ട് പേരും റണ്‍ കണ്ടെത്തുന്നതില്‍ അമാന്തം കാണിക്കുന്നില്ല. വിരാട് കോഹ്ലിയും യുവരാജ് സിംഗും അടങ്ങുന്ന മധ്യനിരയും മികച്ച ഫോമിലാണ്. ബാക്കി ബാറ്റ്സ്മാന്മാര്ക്കൊന്നും അധിക സമയം ക്രീസില്‍ ചിലവഴിക്കാന്‍ കിട്ടിയിട്ടില്ല. ബൗളിംഗ് നിരയില്‍ അശ്വിന് തിരിച്ചെത്തിയതോടെ വൈവിധ്യമാര്‍ന്ന നിരയായി ഇന്ത്യന്‍ സംഘം മാറിയിട്ടുണ്ട്. ഫീല്‍ഡിംഗിലും മികവാര്‍ന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്.
മറുവശത്ത് ഭാഗ്യത്തിന്റെ പോരാട്ട വീര്യത്തിന്റെയും പിന്‍ബലത്തോടു കൂടിയാണ് ബംഗ്ലാദേശ് സെമി യോഗ്യത നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ തോല്‍വിയില്‍ നിന്ന് മഴ ടീമിന്റെ രക്ഷയ്ക്കായെത്തിയപ്പോള് അവസാന മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ വിജയം പിടിച്ചെടുക്കുകയായിരുന്നു ബംഗ്ലാദേശ്. 33/4 എന്ന നിലയില്‍ ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന കൂട്ടുകെട്ട് പുറത്തെടുത്ത ഷാകിബ് അല്‍ ഹസനും മഹമ്മദുള്ളയും ചേര്‍ന്ന് മത്സരം തങ്ങള്‍ക്കനുകൂലമാക്കുകയായിരുന്നു.
ഓപ്പണര്‍ തമീം ഇക്ബാല്‍ ഏറെ നാളായി മികച്ച ഫോമിലാണ്. സൗമ്യ സര്‍ക്കാരിനും ഇമ്രുല്‍ കെയിസിനും ടൂര്‍ണ്ണമെന്റില്‍ റണ്‍സ് അധികം കണ്ടെത്താനായിട്ടില്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രശ്നം. കൈസിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തിനു ഇറങ്ങിയത്. മുഷ്ഫികുര്‍ റഹീമും സബ്ബിര്‍ റഹ്മാനും ബാറ്റ് കൊണ്ട് അത്ഭുതം കാഴ്ചവയ്ക്കാന്‍ കഴിയുന്നവരാണെന്ന് മുമ്പും തെളിയിച്ചിട്ടുണ്ട്. ഷാകിബും മഹമ്മദുള്ളയും തങ്ങള്‍ മികച്ച ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്. ഏഴാമനായി ഇറങ്ങുന്നത് മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്ത് ആണെന്നുള്ളത് ബംഗ്ലാദേശിന്റെ ബാറ്റിംഗ് ആഴത്തെ സൂചിപ്പിക്കുന്നു.
എന്നാല്‍ കരുത്താര്ന്ന് ഇന്ത്യന്‍ ബാറ്റിംഗിനെ പ്രതിരോധത്തിലാക്കാന്‍ ബംഗ്ലാദേശ് ബൗളിംഗിനാകുമോ എന്നതാണ് പ്രധാന ചോദ്യം. ബൗളര്‍മാരില്‍ മികവാര്‍ന്ന പ്രകടനം ആരും തന്നെ പുറത്തെടുത്തിട്ടില്ല. മുസ്തഫിസുറും ഷാകിബും വിക്കറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുകയാണ് ഇംഗ്ലണ്ടില്‍.ന്യൂസിലാണ്ടിനെ ചെറിയ സ്കോറിനു പുറത്താക്കിയെങ്കിലും ആ പ്രകടനത്തിലും പതിന്മടങ്ങ് മികച്ച പ്രകടനം വേണ്ടം ഇന്ത്യയെ തളയ്ക്കാന്‍.
ആ സ്വപ്ന ഫൈനലിനായി ലോകം മുഴുവന്‍ കാത്തിരിക്കുന്നു, തടസ്സം ബംഗ്ലാദേശ് മാത്രമാണ്. ക്രിക്കറ്റ് ലോകത്തിന്റെ ആ ആഗ്രഹം സാധ്യമാകുമോ കാത്തിരുന്ന് കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial