Local Sports News in Malayalam

കരുത്തോടെ ഇന്ത്യ, അപ്രവചനീയം പാക്കിസ്ഥാന്‍

വീണ്ടുമൊരു ഇന്ത്യ പാക് പോരാട്ടം, ക്രിക്കറ്റ് ഭരണകര്‍ത്താക്കളും ആരാധകരും ആഗ്രഹിച്ചത് തന്നെ സാധ്യമായിരിക്കുന്നു. ഇന്ന് വളരെ വലിയൊരു വേദിയിലാണ് ഇരു ടീമുകളും ഏറ്റു മുട്ടുന്നത്. ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനു. ആരും തന്നെ ഈ സ്വപ്ന ഫൈനല്‍ സാധ്യമെന്ന് കരുതിയിരുന്നില്ല എന്നത് സത്യം. കടുത്ത പാക് ആരാധകര്‍ പോലും. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ നിന്ന് പാക് ടീം സെമിയില്‍ കടക്കുമെന്ന് ആരും തന്നെ കരുതിയില്ല. അതിനാല്‍ തന്നെയാവണം ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇരു ടീമുകളും തമ്മിലുള്ള മത്സരം സംഘാടകര്‍ ഷെഡ്യൂള്‍ ചെയ്തത്.

ആദ്യ മത്സരത്തില്‍ കരുത്താര്‍ന്ന പ്രകടനം ഇന്ത്യ നടത്തിയപ്പോള്‍ ആത്മവിശ്വാസം കൈവിട്ട പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തത്. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറി ഇന്ത്യ ശ്രീലങ്കയോടെ തോറ്റുവെങ്കിലും ബാക്കി മത്സരങ്ങളില്‍ തങ്ങളുടെ ആധികാരികത തെളിയിച്ച് തന്നെ മുന്നേറി. സെമിയിലും ആ വിജയം തുടര്‍ന്ന് മുന്നേറുകയായിരുന്നു. സ്ഥിരതയോടും കരുത്താര്‍ന്നതുമായ പ്രകടനമാണ് ഇന്ത്യയുടെ മുഖമുദ്ര. എന്നാല്‍ പാക്കിസ്ഥാനാകട്ടെ അപ്രവചനീയമെന്ന് പറയാവുന്ന ഒരു പ്രകടനമാണ് ടൂര്‍ണ്ണമെന്റില്‍ പുറത്തെടുത്തത്. ആദ്യത്തെ ആത്മവിശ്വാസമില്ലായമയെ മറികടന്ന് ദക്ഷിണാഫ്രിക്കയെ മറികടന്നായിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ തോല്‍വിയെ അഭിമുഖീകരിച്ച ശേഷമാണ് പാക്കിസ്ഥാന്‍ വിജയം കൈപ്പിടിയിലൊതുക്കിയത്. ഭാഗ്യത്തിന്റെ പുറത്ത് സെമിയിലെത്തിയ അവര്‍ ഇംഗ്ലണ്ടിനെതിരെയാണ് തങ്ങളുടെ വിശ്വരൂപം കാഴ്ചവെച്ചത്.

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ നേരിട്ട പാക്കിസ്ഥാന്‍ അല്ല ഇന്ന് ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. അവര്‍ ഏറെ മാറിയിരിക്കുന്നു. ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളുണ്ട്. ഫകര്‍ സമന്റെ വരവ് ഓപ്പണിംഗിനു കരുത്തേകിയിട്ടുണ്ട്. അതിവേഗം സ്കോര്‍ ചെയ്യുക ശീലമാക്കിയ യുവതാരം മികവാര്‍ന്ന പ്രകടനമാണ് തനിക്ക് അവസരം ലഭിച്ച ശേഷം ടീമിനായി പുറത്തെടുത്തത്. അസ്ഹര്‍ അലിയും സെമിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ബാബര്‍ അസവും, മുഹമ്മദ് ഫഹീസും, ഷൊയബ് മാലിക്കും അടങ്ങിയ മധ്യനിരയ്ക്ക് പാക്കിസ്ഥാന്‍ ടീമിന്റെ ടാഗ്‍ലൈന്‍ തന്നെയാവും ഏറ്റവും ചേരുക – അപ്രവചനീയം. പാക്കിസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് അവരെ മുന്നില്‍ നിന്നു വിക്കറ്റിനു പിന്നില്‍ നിന്നും നയിക്കുന്നത്.

ബൗളിംഗ് തന്നെയാണ് പാക്കിസ്ഥാന്റെ എന്നത്തെയും കരുത്ത്. മികവാര്‍ന്ന പേസ് ബൗളര്‍മാരെ വാര്‍ത്തെടുക്കുന്ന രാജ്യത്ത് നിന്ന് ഈ ടൂര്‍ണ്ണമെന്റിലും കരുത്താര്‍ന്ന പ്രകടനം കാഴ്ചവെച്ച് ബൗളര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഹസന്‍ അലി ടൂര്‍ണ്ണമെന്റിലെ തന്നെ മുന്‍ നിര ബൗളറായി മാറിക്കഴിഞ്ഞിരിക്കുന്നു. മികച്ച പിന്തുണയാണ് ജുനൈദ് ഖാന്‍ ഹസന് നല്‍കുന്നത്. മുഹമ്മദ് അമീര്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന.

പിഴവുകളൊന്നും തന്നെ ഇല്ലാത്ത ടീം എന്ന് വേണം ഇന്ത്യയെക്കുറിച്ച് വിലയിരുത്തേണ്ടത്. കോഹ്‍ലിയ്ക്ക് പിന്തുണയുമായി ധോണി എപ്പോളും പിന്നില്‍തന്നെയുണ്ട്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് കരുത്ത് അത് ഇന്ത്യയുടെ തന്നെയാണ്. ശിഖര്‍ ധവാനും ചാമ്പ്യന്‍സ് ട്രോഫിയും തമ്മിലുള്ള പ്രേമം ഇപ്പോളും തുടരുകയാണ്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും മികച്ച ഫോമില്‍ തന്നെയാണ്. ഇന്ത്യന്‍ മധ്യനിര ഏറെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ടീമിന്റെ ബാറ്റിംഗ് കരുത്തിനെ സൂചിപ്പിക്കുന്നു. അശ്വിന് പരിക്കെന്ന വാര്‍ത്തകള്‍ വരുന്നത് സത്യമാണെങ്കില്‍ ഉമേഷ് യാദവ് ടീമിലേക്ക് മടങ്ങിയെത്തു. അങ്ങനെയാണെങ്കില്‍ പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ടീമിനെത്തന്നെയാകും ഇന്ത്യ ഫൈനലിനുമിറക്കുന്നത്.

മികച്ചൊരു ഇന്ത്യ-പാക് പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ ഫാന്‍പോര്‍ട്ടിനായി ഇന്ത്യ-പാക് ഗ്രൂപ്പ് മത്സരത്തിനെക്കുറിച്ച് ഫെബിന്‍ തോമസ് തയ്യാറാക്കിയ ഒരു മാച്ച് പ്രിവ്യൂ ഇവിടെ വായിക്കാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like