Local Sports News in Malayalam

ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ, ഇന്നറിയാം സെമിയില്‍ ആര്‍ക്കെന്ന്?

ഗ്രൂപ്പ് ബി ഇത്ര മാത്രം സംഘര്‍ഷഭരിതമാകുമെന്ന് ടൂര്‍ണ്ണമെന്റ് ആരംഭിച്ച സമയത്ത് ആരും തന്നെ കരുതിയിട്ടുണ്ടാകില്ല. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ കടക്കുമെന്നാണ് ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ ക്രിക്കറ്റ് പണ്ഡിറ്റുകളും ആരാധകരും ഉറപ്പിച്ചു വിലയിരുത്തിയിരുന്നത്. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടന്ന് സെമി സാധ്യത ആരും തന്നെ കല്പിച്ചിരുന്നില്ല. തുടക്കം അങ്ങനെത്തന്നെയായിരുന്നു. ആധികാരിക വിജയങ്ങളോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തുടങ്ങി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരുവരും പരാജയം രുചിച്ചതോടെ സ്ഥിതിഗതികള്‍ പാടെ മാറി. നിലവില്‍ ഗ്രൂപ്പില്‍ നാല് ടീമുകള്‍ക്കും സെമി സാധ്യതയുണ്ട്. മഴ തടസ്സമാകാതെ മത്സരം നടക്കുവാണെങ്കില്‍ അവസാന മത്സരങ്ങളിലെ വിജയികള്‍ സെമിയില്‍ കടക്കും.

ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും സെമിയില്‍ കടന്നപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മൂന്ന് ഏഷ്യന്‍ ശക്തികള്‍ സെമി മോഹങ്ങളുമായി രംഗത്തുണ്ട്. അതില്‍ ഇന്ത്യ ഇന്നിറങ്ങുന്നത് ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ മറികടന്ന് സെമിയില്‍ കടക്കുക എന്ന ലക്ഷ്യവുമായിട്ടാണ്. ഇരു ടീമുകള്‍ക്കും ശക്തമായ ബാറ്റിംഗ് നിരയുണ്ടെങ്കിലും ഇന്ത്യക്ക് തന്നെയാണ് ബാറ്റിംഗില്‍ മുന്‍തൂക്കം. ഇരു മത്സരങ്ങളിലും 300 കടന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ ബൗളിംഗ് ആണ് വിനയായത്. ഇംഗ്ലണ്ട് കാലാവസ്ഥയില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് തന്നെയാണ്. ഏകദിന ക്രിക്കറ്റിലെ ആദ്യ രണ്ട് ബൗളിംഗ് റാങ്കുകാര്‍ തങ്ങളുടെ ടീമിലാണെന്നുള്ളത് ദക്ഷിണാഫ്രിക്കന്‍ ശക്തിയെ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് ബൗളിംഗ് സെലക്ഷനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. അശ്വിനെ തിരികെ ടീമിലുള്‍പ്പെടുത്തണമെന്ന വാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉമേഷ് യാദവിനു പകരം മുഹമ്മദ് ഷാമിയ്ക്ക് അവസരം നല്‍കണമെന്നും ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യ ഇതുവരെ നേരിട്ട ബൗളിംഗ് നിരയെക്കാള്‍ ഏറെ ശക്തമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര എന്നത് ഇന്ത്യന്‍ ബാറ്റിംഗിനെ കൂടുതല്‍ ശ്രമകരമാക്കും. എന്നിരുന്നാലും ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച ഫോമിലാണെന്നുള്ളത് ടീമിനു ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും വിരാട് കോഹ്‍ലിയും യുവരാജ് സിംഗും ഫോമിലാണെന്നുള്ളതും ടീമിന്റെ ശക്തിയാണ്. മഹേന്ദ്ര സിംഗ് ധോണിയും മികച്ച തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്തിട്ടുണ്ട്. കേധാര്‍ ജാധവ് അതിവേഗം റണ്ണെടുക്കുന്നുണ്ടെങ്കിലും അശ്വിന്‍ തിരിച്ചെത്തുകയാണെങ്കില്‍ ഇന്ന് ടീമില്‍ സ്ഥാനമുണ്ടാകില്ല.

ദക്ഷിണാഫ്രിക്കയെ അലട്ടുന്ന പ്രശ്നം ക്വിന്റണ്‍ ഡിക്കോക്കിന്റെയും നായകന്‍ എബി ഡിവില്ലിയേഴ്സിന്റെം ഫോമില്ലായ്മയാണ്. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് നിര പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോളും ഡേവിഡ് മില്ലറാണ് ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മാറ്റങ്ങളൊന്നും തന്നെയുണ്ടാകുവാന്‍ സാധ്യതയില്ല. മോണേ മോര്‍ക്കലും കാഗിസോ റബാഡയും അടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യന്‍ ടോപ് ഓര്‍ഡറെ പിഴുതെറിയാന്‍ കഴിവുണ്ടെന്ന് തെളിയിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്.

മഴ മാറി നില്‍ക്കുകയാണെങ്കില്‍ ഇന്ന് മികച്ചൊരു മത്സരം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വീക്ഷിക്കാനാകും. മഴ കളി മുടക്കുകയാണെങ്കില്‍ ഇന്ത്യ സെമിയിലേക്ക് കടക്കുകയും ദക്ഷിണാഫ്രിക്ക ശ്രീലങ്ക-പാക് മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടാനായി കാത്തിരിക്കേണ്ടിയും വരും. പ്രധാന ടൂര്‍ണ്ണമെന്റുകളില്‍ ദക്ഷിണാഫ്രിക്കയും മഴയും തമ്മിലുള്ള രസതന്ത്രം കണക്കിലെടുക്കുമ്പോള്‍ ഇന്ന് മഴ വില്ലനായി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like