
കെന്നിംഗ്ടണ്‍ ഓവലില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് തടയിട്ടു ശ്രീലങ്കന്‍ ബൗളര്‍മാര്‍. 189/1 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ മധ്യനിര തകരുന്ന കാഴ്ചയാണ് ലണ്ടനിലെ ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. 145 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടി മുന്നേറുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യത്തെ തിരിച്ചടി ലഭിച്ചത് ഡ്യു പ്ലെസിയുടെ രൂപത്തിലായിരുന്നു. 75 റണ്‍സ് നേടി ഫാഫിനെ നുവാന്‍ പ്രദീപ് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ എബി ഡിവില്ലിയേഴ്സിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡേവിഡ് മില്ലറും(18) ഹാഷിം അംലയും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ വീഴ്ത്തി ലങ്കന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടി മുറുക്കി. 103 റണ്‍സാണ് ഹാഷിം അംല സ്വന്തമാക്കിയത്. തന്റെ 25ാം ഏകദിന ശതകമാണ് അംല കെന്നിംഗ്ടണില്‍ നേടിയത്.
ഒരു ഘട്ടത്തില്‍ അനായാസം 300 കടക്കുമെന്ന് തോന്നിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ക്രിസ് മോറിസ്(20), ഡുമിനി കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ 45 റണ്‍സിന്റെ സഹായത്തോടു കൂടി 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് മാത്രമേ നേടാനായുള്ളു. ഡുമിനി 38 (20 പന്തില്‍) റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപ് രണ്ടും, സുരംഗ ലക്മല്‍, സീകുജേ പ്രസന്ന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.