ഫകര്‍ സമന്റെ കന്നി ശതകം, കൂറ്റന്‍ സ്കോര്‍ നേടി പാക്കിസ്ഥാന്‍

ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി വിജയിക്കാന്‍ വേണ്ടത് 339 റണ്‍സ്. ഫൈനലിന്റെ അങ്കലാപ്പിലാതെ ബാറ്റ് വീശിയ പാക്കിസ്ഥാന്‍ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോഹ്‍ലിയും കൂട്ടരും തങ്ങളുടെ ബാറ്റിംഗിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കാം. എന്നാല്‍ ഹസന്‍ അലി നയിക്കുന്ന പാക് ബൗളിംഗ് പട ആ ചേസിംഗ് അനുവദിക്കുമോ എന്നത് കണ്ടറിയാം.

ഇന്ത്യയുമായി ആദ്യ മത്സരത്തില്‍ പതറി പോയ പാക് ടീമിനെ അല്ല ഇന്ന് ഓവലില്‍ കാണുവാനായത്. ഇംഗ്ലണ്ടിനെതിരെ എവിടെ നിര്‍ത്തിയോ അതിന്റെ ബാക്കിയാണ് അവരുടെ ബാറ്റിംഗ് നിര ഇന്ന് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്. മെല്ലെ തുടങ്ങിയ പാക്കിസ്ഥാനു ആദ്യമേ ഫകര്‍ സമനെ നഷ്ടമായെങ്കിലും ബുംറ എറിഞ്ഞ ആ പന്ത് നോബോള്‍ ആയിരുന്നു. പാക് സ്കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് മാത്രമാണ് അപ്പോളുണ്ടായിരുന്നത്. പിന്നീട് ഫകര്‍ സമനും-അസ്ഹര്‍ അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ കരുത്താര്‍ന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

ആദ്യ അസ്ഹറും പിന്നീട് ഫകറും തന്റെ അര്‍ദ്ധ ശതകം തികച്ച് മുന്നേറുന്നതിനിടെ ഒരു റണ്‍ഔട്ട് രൂപത്തിലാണ് അസ്ഹര്‍ അലി പുറത്തായത്. 59 റണ്‍സ് നേടിയ അസ്ഹര്‍ അലി പുറത്താകുമ്പോള്‍ പാക് സ്കോര്‍ 128 റണ്‍സായിരുന്നു. തുടര്‍ന്ന് ആക്രമിച്ച് കളിച്ച ഫകര്‍ സമന്‍ തന്റെ കന്നി ശതകം(114) പൂര്‍ത്തിയാക്കി ഏറെ വൈകാതെ പുറത്തായി. രണ്ടാം വിക്കറ്റില്‍ 72 റണ്‍സാണ് ബാബര്‍ അസമുമായി ചേര്‍ന്ന് സമന്‍ നേടിയത്.

ബാബര്‍ അസം 46 റണ്‍സ് എടുത്ത് പുറത്തായ ശേഷം മുഹമ്മദ് ഹഫീസ്-ഇമാദ് വസീം കൂട്ടുകെട്ടാണ് ടീമിനെ 300 കടക്കാന്‍ സഹായിച്ചത്. 34 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച മുഹമ്മദ് ഹഫീസിനു മികച്ച പിന്തുണയാണ് ഇമാദ് വസീം നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ 47 പന്തില്‍ നിന്ന് 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പുറത്താകാതെ നേടിയത്. 4 ബൗണ്ടറിയും 3 സിക്സറുകളും അടങ്ങിയതായിരുന്നു മുഹമ്മദ് ഹഫീസിന്റെ ഇന്നിംഗ്സ്. 25 റണ്‍സാണ് ഇമാദ് വസീം സ്വന്തമാക്കിയത്

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് തിളങ്ങിയത്. കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഭുവനേശ്വറിനു പുറമേ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial