ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം

- Advertisement -

നിര്‍ണ്ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലാണ്ടിനു 311 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ മികച്ച തുടക്കം വലിയ സ്കോറിലേക്ക് പരിവര്‍ത്തനം ചെയ്യാനാകാതെ ചെറിയ സ്കോറില്‍ ഒതുങ്ങി പോകുമായിരുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്‍ലറുടെ ഇന്നിംഗ്സാണ് 300 കടക്കാന്‍ സഹായിച്ചത്. ആഡം മില്‍നെ ആണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ രണ്ട് പേരെയും മടക്കി അയച്ചത്. ജേസണ്‍ റോയ്(13) പുറത്തായ ശേഷം ജോ റൂട്ടുമായി ചേര്‍ന്ന് ഹെയില്‍സ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് കൊണ്ടെത്തിയ്ക്കുകയായിരുന്നു. തന്റെ അര്‍ദ്ധ ശതകം(56) തികച്ചയുടനെ ഹെയില്‍സ് പുറത്തായി. പിന്നീടെത്തിയ നായകന്‍ ഓയിന്‍ മോര്‍ഗനും വേഗം മടങ്ങിയപ്പോള്‍ റൂട്ടും സ്റ്റോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 54 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ റൂട്ടിനെ(64) കോറി ആന്‍ഡേഴ്സണ്‍ മടക്കി അയയ്ച്ചു. നേരത്തെ മോര്‍ഗന്റെ വിക്കറ്റും ആന്‍ഡേഴ്സണ്‍ ആണ് സ്വന്തമാക്കിയത്. അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ ബെന്‍ സ്റ്റോക്സും പവലിയനിലേക്ക് മടങ്ങി.

അവസാന ഓവറുകളില്‍ ജോസ് ബട്‍ലര്‍ നേടിയ റണ്ണുകളാണ് ഇംഗ്ലണ്ടിനെ 300 കടക്കുവാന്‍ സഹായിച്ചത്. 48 പന്തില്‍ 61 റണ്‍സാണ് ജോസ് ബട്‍ലര്‍ അടിച്ചുകൂട്ടിയത്.

ന്യൂസിലാണ്ടിനായി കോറി ആന്‍ഡേഴ്സണ്‍ , ആഡം മില്‍നെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബൗള്‍ട്ട്, മിച്ചല്‍ സാന്റനര്‍ എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement