ഓള്‍റൗണ്ട് കരുത്തില്‍ ഇംഗ്ലണ്ട്

- Advertisement -

കെന്നിംഗ്ടണ്‍ ഓവലില്‍ ബംഗ്ലാദേശിനെതിരെ തങ്ങളുടെ ചാമ്പ്യന്‍സ് ട്രോഫി പടയോട്ടം ആരംഭിക്കുന്ന ഇംഗ്ലണ്ട് തന്നെയാവും ഈ ടൂര്‍ണ്ണമെന്റില്‍ ഏറ്റവുമധികം സാധ്യത കല്പിക്കുന്ന ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആധികാരികതയോടെ പരമ്പര ജയിച്ചപ്പോളും ലോര്‍ഡ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. എന്നിരുന്നാലും ഇംഗ്ലണ്ട് തന്നെയാണ് ഈ ടൂര്‍ണ്ണമെന്റില്‍ ഏറ്റവുമധികം ജയസാധ്യത കല്പിക്കപ്പെടുന്ന ടീം. ആതിഥേയരെന്ന ആനുകൂല്യം ഒപ്പം മികവാര്‍ന്ന ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നു.

2015 ലോകകപ്പില്‍ ബംഗ്ലാദേശ് ആയിരുന്നു ഇംഗ്ലണ്ടിന്റെ സാധ്യതകളെ അവസാനിപ്പിച്ചത്. അഡിലൈഡില്‍ 15 റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിനു ആ ദുരന്ത ഓര്‍മ്മകളെ തുടച്ച് നീക്കാനുള്ള അവസരമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. ടീമെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ബംഗ്ലാദേശ് ഇപ്പോളും പാതി അവസരങ്ങള്‍ വിട്ടു കളയുന്നതില്‍ മുന്‍ പന്തിയിലാണ്. അത് തന്നെയാണ് ടീമിനു പലപ്പോളും തിരിച്ചടിയുമാകുന്നത്. പാക്കിസ്ഥാനെതിരെയുള്ള പരിശീലന മത്സരത്തില്‍ ഏറെക്കുറേ ഉറപ്പിച്ച വിജയം പാക്കിസ്ഥാന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിനു മുന്നില്‍ അടിയറവ് പറഞ്ഞ ബംഗ്ലാദേശ് അടുത്ത മത്സരത്തില്‍ ഇന്ത്യയോടു തകര്‍ന്നടിഞ്ഞത് നമ്മളെല്ലാവരും കണ്ടതാണ്.

ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ജേസണ്‍ റോയ് തീര്‍ത്തും മങ്ങിയ ഫോമിലാണെങ്കിലും തന്റെ ടച്ച് വീണ്ടെടുത്താല്‍ തികച്ചും ആക്രമണകാരിയാണ് ഈ ഇംഗ്ലണ്ട് ഓപ്പണര്‍. അലക്സ് ഹെയില്‍സും ജോ റൂട്ടുമടങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഏത് ബൗളിംഗ് പടയ്ക്കെതിരെയും 300 റണ്‍സ് കടക്കുവാനുള്ള കരുത്തുള്ള ഒന്നാണ്. ഏഴാമനായി ബാറ്റ് ചെയ്യാനിറങ്ങുന്നത് മോയിന്‍ അലിയാണ് എന്നത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തിന്റെ വ്യക്തമായ സൂചനയാണ്. ബെന്‍ സ്റ്റോക്സ് എന്ന ഓള്‍റൗണ്ടര്‍ ഏത് ടീമിനും ആത്മവിശ്വാസം നല്‍കുന്ന ഒരു താരമാണ്. ഐപിഎല്‍-ല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയേറെ ഗുണം നല്‍കിയിട്ടുണ്ട് പൂനെ സൂപ്പര്‍ ജയന്റിനു.

തമീം ഇക്ബാല്‍ തന്റെ ഏറ്റവും മികച്ച ഫോമില്‍ കളിയ്ക്കുന്നു എന്നതാണ് ബംഗ്ലാദേശിന്റെ കരുത്ത്. മുഷ്ഫികുര്‍ റഹിം പതിവു പോലെത്തന്നെ ടീമിന്റെ രക്ഷയ്ക്ക് പലപ്പോഴും എത്തിച്ചേരുന്നുണ്ട്. എന്നാല്‍ ടോപ് ഓര്‍ഡറില്‍ തമീം ഒഴിച്ചു നിര്‍ത്തിയാല്‍ ആരും തന്നെ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല. ടീം നേടുന്ന ഉയര്‍ന്ന സ്കോര്‍ എറിഞ്ഞു പിടിക്കുവാന്‍ ബൗളിംഗ് നിരയ്ക്ക് സാധിക്കുന്നില്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. ന്യൂസിലാണ്ടും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകള്‍ എന്നത് ബംഗ്ലാദേശിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണ്. മുസ്തഫിസുര്‍ റഹ്മാനില്‍ ലോകോത്തര ബൗളര്‍ തങ്ങളുടെ ടീമിലുണ്ടെന്നുള്ളതും ഇംഗ്ലണ്ടിലെ സ്ഥിതിഗതികള്‍ അദ്ദേഹത്തിനു അനുകൂലമാകുമെന്നതുമാകും ബംഗ്ലാദേശ് ക്യാമ്പിന്റെ പ്രതീക്ഷ.

@Getty Images

ഇന്ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അനായാസ വിജയമാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിയ്ക്കുന്നത്. ബംഗ്ലാദേശ് കടുവകള്‍ക്ക് തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുക്കുവാന്‍ കഴിയുമോ എന്നത് കാത്തിരുന്നു കാണാം.

Advertisement