
തങ്ങളുടെ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് കാര്‍ഡിഫില്‍ ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടിയപ്പോള്‍ കാര്‍ഡിഫില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നേടിയത് 211 റണ്‍സ്. 49.5 ഓവറില്‍ ഓള്‍ഔട്ടായ ഇംഗ്ലണ്ടിനായി ജോ റൂട്ട്(46), ജോണി ബാരിസ്റ്റോ(43) എന്നിവരാണ് തിളങ്ങിയത്. എന്നാല്‍ ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകം നേടാനാകാതെ പവലിയനിലേക്ക് മടങ്ങിയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ഓയിന്‍ മോര്‍ഗനും, ബെന്‍ സ്റ്റോക്സും മുപ്പതുകളില്‍ ഒൗട്ടായി. ഹസന് അലി മൂന്ന് വിക്കറ്റുമായി പാക് ബൗളര്‍മാരില്‍ തിളങ്ങി.
പ്രതീക്ഷിച്ച പോലെ ജേസണ്‍ റോയിയെ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയത്. ടോസ് നഷ്ടപ്പെട്ടുവെങ്കിലും ബാറ്റിംഗ് തന്നെയാണ് തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞ ഇംഗ്ലണ്ടിനായി ജോണി ബാരിസ്റ്റോയാണ് ഓപ്പണറുടെ കുപ്പായത്തിലെത്തിയത്. അലക്സ് ഹെയില്‍സിനെ പുറത്താക്കി റുമാന്‍ റയീസ് തന്റെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കി ഇംഗ്ലണ്ടിനു ആദ്യ പ്രഹരം നല്കി. 13 റണ്‍സാണ് ഹെയില്‍സ് നേടിയത്.
രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ റൂട്ടും ബാരിസ്റ്റോയും മത്സരം പാക്കിസ്ഥാന്റെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഹസന് അലിയെ ബൗളിംഗിനായി സര്‍ഫ്രാസ് ഖാന് ദൗത്യമേല്പിച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ ജോണി ബാരിസ്റ്റോയെ മുഹമ്മദ് ഹഫീസിന്റെ കൈകളിലെത്തിച്ച ഹസന് അലി ടൂര്‍ണ്ണമെന്റിലെ തന്റെ ഫോം തുടര്‍ന്നു. ജോണി ബാരിസ്റ്റോ പുറത്താകുമ്പോള്‍ 80/2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗനുമായി മൂന്നാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടയില്‍ റൂട്ടിനെ ഷദബ് ഖാന് പുറത്താക്കി.
ഏറെ വൈകാതെ ഓയിന്‍ മോര്‍ഗനെ(33) പുറത്താക്കി ഹസന് അലിയും ജോസ് ബട്ലര്, മോയിന്‍ അലി എന്നിവരെ പുറത്താക്കി ജുനൈദ് ഖാനും ഇംഗ്ലണ്ടിന്റെ നില കൂടുതല്‍ പരിതാപകരമാക്കി. 34 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത് സ്റ്റോക്സിനെ ഹസന് അലിയാണ് പുറത്താക്കിയത്. 64 പന്ത് നേരിട്ട സ്റ്റോക്സിനു ഒരു ബൗണ്ടറി പോലും നേടാനായില്ല.
പാക്കിസ്ഥാനു വേണ്ടി ഹസന് അലി മൂന്നും, ജുനൈദ് ഖാന് , റുമാന്‍ റയീസ് റൈസ് എന്നിവര്‍ രണ്ടും, ഷദബ് ഖാന് ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial