Local Sports News in Malayalam

ഇംഗ്ലണ്ടിനെ തേടി പാക്കിസ്ഥാനോ ശ്രീലങ്കയോ

ചാമ്പ്യന്‍സ് ട്രോഫി അവസാന സെമി സ്ഥാനത്തിനായി ഇന്ന് ഏഷ്യന്‍ ശക്തികളുടെ പോരാട്ടം. ആദ്യ മത്സരങ്ങളില്‍ തോറ്റ പാക്കിസ്ഥാനും ശ്രീലങ്കയും രണ്ടാം മത്സരത്തില്‍ മികച്ച വിജയം നേടിയാണ് ഗ്രൂപ്പ് ബിയില്‍ തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനക്കാരെന്ന് ഏറെക്കുറെ ഉറപ്പാണ് അല്ലാത്തപക്ഷം ഇന്ന് വിജയിക്കുന്ന ടീം അപ്രതീക്ഷിതമായ മാര്‍ജ്ജിനില്‍ വിജയം കൊയ്യണം.

ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം പരിക്കാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന പ്രശ്നം. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കുശല്‍ പെരേര പരിക്കേറ്റ ടൂര്‍ണ്ണമെന്റില്‍ നിന്ന് തന്നെ പുറത്തായിട്ടുണ്ട്. ഉപുല്‍ തരംഗയുടെ വിലക്കിനാല്‍ ടീമില്‍ അവസരം ലഭിച്ച ദനുഷ്ക ഗുണതിലകെ അവസരം മുതലാക്കിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാന്‍ നിരോഷന്‍ ഡിക്ക്വെല്ല ഫോമിലല്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രശ്നം. കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും അടങ്ങിയ മധ്യനിര ഫോമിലാണെങ്കിലും മറ്റൊരു പ്രധാന ബാറ്റ്സ്മാനായ ദിനേഷ് ചന്ദിമല്‍ മോശം ഫോമിലാണ് തുടരുന്നത്. കുശല്‍ പെരേരയ്ക്ക് പകരം ധനന്‍ജയ ഡിസില്‍വ ടീമിലെത്തുവാനാണ് സാധ്യത. ബൗളിംഗ് നിരയില്‍ ആരും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താത്തത് ശ്രീലങ്കയ്ക്ക് തലവേദന തന്നെയാണ്. ലസിത് മലിംഗ തന്റെ പഴയ പ്രതാപത്തിന്റെ ഏഴയലത്ത് പോലുമല്ല.

പാക്കിസ്ഥാന്‍ എന്നും പ്രവചനാതീതമായൊരു ടീമാണ്. ഒരു ദിവസം കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുത്താല്‍ തൊട്ടടുത്ത ദിവസം ദയനീയമായ പരാജയമാവും ഫലം. ഇന്ത്യയ്ക്കെതിരെ തകര്‍ന്നടിഞ്ഞ പാക് ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം നേടിയാണ് തങ്ങളുടെ ടൂര്‍ണ്ണമെന്റ് സാധ്യത നിലനിര്‍ത്തിയത്. അഹമ്മദ് ഷെഹ്സാദിനു പകരം ടീമിലെത്തിയ അരങ്ങേറ്റക്കാരന്‍ ഫകര്‍ സമന്‍ തനിക്ക് ലഭിച്ച അവസരത്തെ മികച്ച തുടക്കമായാണ് പാക്കിസ്ഥാനു തിരികെ നല്‍കിയത്. പാക്കിസ്ഥാന്‍ ബാറ്റിംഗ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തങ്ങളുടെ മുഴുവന്‍ പ്രകടനം പുറത്തെടുക്കേണ്ട അവസ്ഥയില്‍ എത്തിയിട്ടില്ല. ആദ്യ മത്സരത്തില്‍ തകര്‍ന്ന ബാറ്റിംഗ് നിര രണ്ടാം മത്സരത്തില്‍ ചെറിയ സ്കോര്‍ ചേസ് ചെയ്തതിനാല്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്ന് വേണം പറയുവാന്‍. ബാബര്‍ അസവും, മുഹമ്മദ് ഹഫീസും, ഷൊയബ് മാലിക്കും അടങ്ങിയ മധ്യനിര ഇന്ന് അവസരത്തിനൊത്തുയര്‍ന്നാല്‍ മാത്രമേ പാക്കിസ്ഥാനു സെമി സാധ്യത കല്പിക്കേണ്ടതുള്ളു.

ബൗളിംഗ് നിരയില്‍ ഹസന്‍ അലിയ്ക്കൊപ്പം സ്പിന്നര്‍മാരായ ഇമാദ് വസീമും മുഹമ്മദ് ഹഫീസും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തെറിഞ്ഞത്. പാക് സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനെ പിന്നീടെത്തിയ ഹസന്‍ അലിയുടെ സ്പെല്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. ജുനൈദ് ഖാനും, മുഹമ്മദ് അമീറും(മികച്ച ഫോമിലല്ലെങ്കിലും) അടങ്ങിയ ബൗളിംഗ് നിര അപകടകാരിയാണ്.

മഴ പെയ്ത് മത്സരം തടസ്സപ്പെട്ടാല്‍ പോയിന്റ് നിലയില്‍ ഇരുടീമുകളും ഒപ്പത്തിനെത്തുമെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ശ്രീലങ്കയാവും സെമിയില്‍ കടക്കുക. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ മികച്ചൊരു ക്രിക്കറ്റ് മത്സരത്തിനു സാക്ഷ്യം വഹിക്കാനായി മഴ മാറി നില്‍ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like