
ന്യൂസിലാണ്ടിനെതിരെ മികച്ച വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 87 റണ്‍സിനാണ് ഇംഗ്ലണ്ട് തങ്ങളുടെ ഗ്രൂപ്പ് എ മത്സരത്തില്‍ കീവികളെ തകര്‍ത്തത്. വിജയത്തോടു കൂടി ചാമ്പ്യന്‍സ് ട്രോഫി സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. കെയിന്‍ വില്യംസണ് മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ പോരാട്ട വീര്യം കാണിച്ചത്. 87 റണ്‍സ് നേടിയ വില്യംസണ് പുറത്തായതോടു കൂടി ന്യൂസിലാണ്ട് തകരുന്ന കാഴ്ചയാണ് കാര്‍ഡിഫില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനായത്. 311 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലാണ്ടിനു സ്കോര്‍ ഒരു റണ്‍സില്‍ നില്‍ക്കെ ലൂക്ക് റോഞ്ചിയെ പൂജ്യത്തിനു നഷ്ടമായി. 62 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ മാര്ട്ടിന് ഗുപ്ടിലും(27) മടങ്ങി. പിന്നീടെത്തിയ റോസ് ടെയ്ലര് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനോടൊപ്പം മത്സരം ന്യൂസിലാണ്ട് പക്ഷത്തേക്ക് കൊണ്ടുവരുന്നതിനിടയിലാണ്ട് മാര്‍ക്ക് വുഡിന്റെ മികച്ചൊരു പന്തില്‍ വില്യംസണ് മുട്ടുമടക്കിയത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് മത്സരം സ്വന്തം വരുതിയിലാക്കുകയായിരുന്നു. 158/2 എന്ന നിലയില്‍ നിന്ന് 223 റണ്‍സിനു ന്യൂസിലാണ്ട് ഓള്‍ഔട്ട് ആവുകയായിരുന്നു.
ലിയാം പ്ലങ്കറ്റ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ്, ജേക്ക് ബാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി ഇംഗ്ലണ്ട് ബൗളിംഗിനെ മുന്നില്‍ നിന്ന് നയിച്ചു. മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്സ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജേക്ക് ബാള്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.
ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial