ഒരു ശ്രീലങ്കൻ വീരഗാഥ

ഇന്ത്യ ശ്രീലങ്ക ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരം തുടങ്ങുന്നതിനു മുന്നേ ABP ലൈവിന് കൊടുത്ത ഇന്റർവ്യൂയിൽ സെവാഗ്, ശ്രീലങ്ക നനഞ്ഞ തീപ്പെട്ടികൊള്ളിപോലെയാണെന്നും പഴയപോലെ അവർക്കുള്ളിൽ തീ ഇല്ലെന്നും ഈ മത്സരം ഇന്ത്യ “പക്കാ” ആയിട്ട് ജയിക്കുകയും ചെയ്യും എന്നും പറയുകയുണ്ടായി.

ഇന്ത്യ പാകിസ്താനോട് തോൽക്കുമെന്ന് കരുതിയവർ പോലും ശ്രീലങ്കയോട് തോൽക്കുമെന്ന് കരുതിക്കാണില്ല. ശ്രീലങ്കൻ ആരാധകർ പോലും തങ്ങളുടെ ജയിക്കുമെന്ന് കരുതിക്കാണില്ല. ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് ഒക്കെ അത്രമേൽ ലങ്കയുടേതിന് മികച്ചതായതുകൊണ്ടാകാം. കണക്കുകളിൽ മാത്രമല്ല പേരിലും പ്രശസ്തിയിലും ഇന്ത്യൻ ക്രിക്കറ്റർമാർ തന്നെ മുന്നിൽ. ശ്രീലങ്കയുടെ 11 കളിക്കാരെ അറിയാവുന്ന ക്രിക്കറ്റ് പണ്ഡിതർ പോലും കാണുമോന്ന് ഉറപ്പില്ല. ജയവർധെനെ, സംഗക്കാര, ദിൽഷൻ തുടങ്ങിയ അതികായന്മാരുടെ സ്ഥാനം ഇപ്പഴും പകരം ഏറ്റെടുക്കാൻ ആളില്ല എന്നുള്ള കുറ്റപ്പെടുത്തലുകൾ. ഇതിനൊക്കെ പുറമെ ഇന്ത്യൻ ഫാന്സിന്റെയും സേവാഗിനെ പോലെയുള്ളവരുടെയും പരിഹാസം.

മത്സരം തുടങ്ങി. പതിവ് പോലെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തിളങ്ങി. ഇന്ത്യ 320 കടന്നു. തരക്കേടില്ലാത്ത സ്കോർ. ടൂർണമെന്റ് തുടങ്ങുന്നതിനു മുന്നേ ഫോമിൽ അല്ലായിരുന്ന ബാറ്റ്സ്മാൻമാർ കൂടെ ഫോമിലെത്തിയതോടെ ഇന്ത്യയുടെ എല്ലാക്കാലത്തേയും മികച്ച ടീമായി ഇപ്പോഴത്തെ ടീം വിലയിരുത്തപ്പെട്ടു. ബാറ്സ്മാന്മാരും, ബൗളർമാരും എല്ലാം ഫോമിൽ. മികച്ച സ്കോർ എത്തിയ നിലയ്ക്ക് ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ സ്വപ്നത്തിൽ പോലും കണ്ടുകാണില്ല. ആദ്യത്തെ കുറച്ചു ഓവറുകൾ ഇന്ത്യൻ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ ഒരു വിക്കറ്റും നഷ്ടമായി. മത്സരം തങ്ങളുടെ കയ്യിൽ സുരക്ഷിതമായി എന്ന് ഇന്ത്യൻ ആരാധകർ കരുതിയ നിമിഷങ്ങൾ.

അവിടെ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തുവരുന്ന ശ്രീലങ്കയെ ആണ് പിന്നീട് കണ്ടത്. 22 വയസുള്ള കുശാൽ മെൻഡിസും ധനുഷ്‌ക ഗുണത്തിലകയും ചേർനുള്ള ആ കൂട്ടുക്കെട്ട് നഷ്ടപ്രതാപത്തിലേക്കുള്ള അവരുടെ മടങ്ങിപോക്കാണോയെന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു. ഉമേഷ് യാദവിന്റെ തകർപ്പൻ ഫീൽഡിങ് ഗുണത്തിലകയെയും ഭുവനേശ്വർ കുമാർ മെൻഡിസിനെയും റൺ ഔട്ടാക്കിയപ്പോൾ പോലും ഇന്ത്യയ്ക്ക് സാധ്യത ഉണ്ടായിരുന്നു. മാത്യൂസും, പരിക്ക് പറ്റി ഇടയ്ക്ക് പുറത്ത് പോയ കുശാൽ പെരേരയും, പട്ടാളക്കാരൻ കൂടെയായ അസേല ഗുണരത്നയും ചേർന്ന് അവരെ വിജയതത്തിലെത്തിച്ചു.

ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോൾ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ഇടയ്ക്ക് വിമർശകർക്ക് മറുപടിയെന്നോണം ഇതാണ് ശ്രീലങ്കൻ ക്രിക്കറ്റിന് കഴിവില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി എന്ന് സംഗക്കാര പറയുകയുണ്ടായി. കൗണ്ടി ക്രിക്കറ്റിൽ റൺ വാരിക്കൂട്ടുന്ന സംഗക്കാര റിട്ടയർ ചെയ്തില്ലായിരുന്നെങ്കിൽ ശ്രീലങ്കൻ ക്രിക്കറ്റ് മെച്ചപ്പെട്ട അവസ്ഥയിൽ ആയിരുന്നേനെ എന്ന് കരുതിയവർക്കും കൂടെയുള്ള മറുപടി ആയിരുന്നു അത്.

മത്സരശേഷം നിരോഷൻ ഡിക്ക്വെല്ല പറഞ്ഞ ഒരു കാര്യം ചിന്തിപ്പിക്കുന്നതാണ്. “ഇന്ത്യൻ ടീം ഞങ്ങളോടുള്ള കളി ഒരു പരിശീലനമത്സരം ആയിട്ടാണ് കരുതിയതെന്ന് കേട്ടു. ഈ സോഷ്യൽ മീഡിയയിൽ കാണുന്നതൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. എന്നാലും ഒരേ നിലയിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കളിക്കുന്ന ഒരു ടീം എന്ന നിലയ്ക്ക് ആ പറഞ്ഞത് വിഷമമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതൊരു പകരംവീട്ടലാണ്”

ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു ഓർമപ്പെടുത്തലാണ്. കഴിഞ്ഞ നാളുകളിലെ വിജയത്തിന്റെ ആത്മാവിശ്വാസത്തിലാണ് എന്നതൊക്കെ ശരിയായിരിക്കാം, പക്ഷെ ശ്രീലങ്കയെ ഒരിക്കലും കൊച്ചായി കാണാൻ പാടില്ലായിരുന്നു. ഈ വിജയം തീർച്ചയായും ശ്രീലങ്കയ്‌ക്ക് ഒരു പുതുജീവൻ നൽകുക തന്നെ ചെയ്യുമെന്ന് കരുതാം. അവർക്ക് ഇടയിൽ സെവാഗ് നഷ്ടപ്പെട്ടെന്ന് പറഞ്ഞ ആ തീപ്പൊരി ഇന്നലെ വീണിട്ടുണ്ട്. ഇത് നല്ലരീതിയിൽ ഉപയോഗിച്ചാൽ 2007-2014 കാലയളവിൽ 5 ഐസിസി ട്രോഫികളുടെ ഫൈനൽ കളിച്ച ആ ടീമിന്റെ പെരുമ നിലനിർത്താൻ അവർക്ക് കഴിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇബ്രയില്ലാത്ത മാഞ്ചസ്റ്റർ
Next articleബംഗ്ലാദേശിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ വീണ് ന്യൂസിലാണ്ട്