ധോണിയ്ക്ക് ആദ്യ ടി20 അര്‍ദ്ധ ശതകം, ചഹാലിനു ആറു വിക്കറ്റ്, പരമ്പര ഇന്ത്യയ്ക്ക്

ബെംഗാളൂരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ടി20 പരമ്പര. നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ ഓള്‍റൗണ്ട് മികവിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ അടിയറവു പറയിപ്പിച്ചത്. ടി20യിലെ തന്റെ ആദ്യ അര്‍ദ്ധ ശതകവുമായി ധോണിയും 6 വിക്കറ്റ് നേട്ടവുമായി യുസുവേന്ദ്ര ചഹാലുമാണ് ഇന്ത്യയുടെ വിജയശില്പികള്‍. ടി20 യില്‍ അഞ്ചോ അതിലധികമോ വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന ബഹുമതിയും ചഹാല്‍ സ്വന്തമാക്കി.

ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 2 റണ്‍സ് നേടിയ കോഹ്‍ലിയെ റണ്‍ഔട്ട് രൂപത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായി. 61 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം രാഹുലും(22) പുറത്തായെങ്കിലും സുരേഷ് റെയ്നയും മഹേന്ദ്ര സിംഗ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരങ്ങളിലെത്തിയ്ക്കുകയായിരുന്നു. 63 റണ്‍സെടുത്ത റെയ്ന പുറത്താകുമ്പോള്‍ ഇന്ത്യ 13.3 ഓവറില്‍ 120 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഉഗ്രരൂപം പൂണ്ട ധോണിയും(56), യുവരാജും(10 പന്തില്‍ 27 റണ്‍സ്) ചേര്‍ന്ന് ഇന്ത്യയെ ശക്തമായ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 4 പന്തില്‍ നിന്ന് 11 റണ്‍സുമായി പാണ്ഡ്യുയും ഇന്ത്യയ്ക്ക് വിലയേറിയ റണ്ണുകള്‍ നേടിക്കൊടുക്കുകയായിരുന്നു. 20 ഓവറില്‍ 202 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് വേണ്ടി ഋഷഭ് പന്ത് 5 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ട് നിരയില്‍ തൈമല്‍ മില്‍സ്, ക്രിസ് ജോര്‍ദന്‍, ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ രണ്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ റണ്‍ഔട്ട് രൂപത്തിലായിരുന്നു.

മറുപടി ബാറ്റിംഗില്‍ ജേസണ്‍ റോയ്(32), ജോ റൂട്ട്(42), ഓയിന്‍ മോര്‍ഗന്‍ (40) എന്നിവര്‍ മാത്രമേ മികച്ച സ്കോറുകള്‍ കണ്ടെത്താനായുള്ളു. ഇവരൊഴികെ മറ്റൊരു ബാറ്റ്സ്മാനും ഇരട്ട അക്കം കടക്കാന്‍ പോലും ആയില്ല. 14ാം ഓവറില്‍ മോര്‍ഗനെയും ജോ റൂട്ടിനെയും പുറത്താക്കിയ ചഹാല്‍ മത്സരത്തിലെ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയായിരുന്നു. 119/2 എന്ന നിലയില്‍ നിന്ന് 16.3 ഓവറില്‍ 127 റണ്‍സിനു ഇംഗ്ലണ്ട് സ്കോര്‍ അവസാനിക്കുകയായിരുന്നു. തന്റെ നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് ചഹാല്‍ 6 വിക്കറ്റുകള്‍ കൊയ്തത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും അമിത് മിശ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

Previous articleപോയിന്റ് പങ്കിട്ട് മിനേർവയും ചർച്ചിലും
Next articleഐ എം വിജയന്റെ ഉഷയെ തോൽപ്പിച്ച് ശാസ്താ മെഡിക്കൽസ് സെമി ഫൈനലിൽ