Agorctripunithuracc

നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി തൃപ്പൂണിത്തുറ സിസി

സെലെസ്റ്റിയൽ ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി. ഇന്ന് ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബിനെതിരെ 5 വിക്കറ്റ് വിജയം ആണ് തൃപ്പൂണിത്തുറ സിസി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഏജീസിനെ വെറും 146 റൺസിനാണ് തൃപ്പൂണിത്തുറ സിസി എറിഞ്ഞിട്ടത്. 27.2 ഓവറിൽ ഏജീസ് ഓള്‍ഔട്ട് ആയപ്പോള്‍ 63 റൺസ് നേടിയ ക്യാപ്റ്റന്‍ എംഎസ് അഖിൽ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അബ്ദുള്‍ ബാസിത് 28 റൺസ് നേടി. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി നസൽ പി നാലും ദേവപ്രസാദ് എന്‍കെ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഏജീസ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റ് നേടിയ തൃപ്പൂണിത്തുറ സിസിയുടെ സൂരജ് സിഎസ് നൽകിയ മികച്ച തുടക്കം എടുത്ത് പറയേണ്ടതാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃപ്പൂണിത്തുറ സിസി 27.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയാണ് വിജയം കുറിച്ചത്. 55 റൺസുമായി പുറത്താകാതെ നിന്ന ഗോവിന്ദ് ദേവ് ഡി പൈ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സുബിന്‍ എസ് 31 റൺസും ജോസ് എസ് പേരയിൽ 30 റൺസും. ഏജീസിന് വേണ്ടി എംഎസ് അഖിൽ 2 വിക്കറ്റ് നേടി.

തൃപ്പൂണിത്തുറ സിസിയുടെ നസൽ പി ആണ് കളിയിലെ താരം.

Exit mobile version