മൂന്ന് വിക്കറ്റ് വിജയവുായി തൃപ്പൂണിത്തുറ സിസി സെമിയിലേക്ക്

ആദ്യ മത്സരത്തിൽ കിഡ്സ് സിസിയെ ഇന്നലെ പരാജയപ്പെടുത്തിയ തൃപ്പൂണിത്തുറ സിസി ഇന്ന് ബികെ55 കണ്ണൂരിനെതിരെ 3 വിക്കറ്റ് വിജയം നേടിയതോടെ സെലെസ്റ്റിയൽ ട്രോഫിയിലെ ഗ്രൂപ്പ് സിയിൽ നിന്ന് സെമി ഫൈനലില്‍ പ്രവേശിക്കുന്ന ടീം ആയി. ആദ്യം ബാറ്റ് ചെയ്ത ബികെ55 135 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 28.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് തൃപ്പൂണിത്തുറ സിസി ഈ സ്കോര്‍ മറികടന്നത്.

ബികെ55 ടീമിൽ ആര്‍ക്കും തന്നെ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ 19 റൺസ് നേടിയ സൽമാന്‍ നിസാര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. നിരവധി ബാറ്റ്സ്മാന്മാര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയതും ടീമിന് തിരിച്ചടിയായി. തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി സൂരജ് സിഎസ്, നിഖിൽ ബാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

38 റൺസ് നേടിയ അഭിരാം സിഎച്ചും 25 റൺസുമായി പുറത്താകാതെ നിന്ന ആകാശ് ബാബുവും ആണ് ടീമിന്റെ വിജയം ഉറപ്പാക്കുവാന്‍ സഹായിച്ചത്. 113/7 എന്ന നിലയിലേക്ക് തൃപ്പൂണിത്തുറ സിസി വീണുവെങ്കിലും എട്ടാം വിക്കറ്റിൽ 25 റൺസ് നേടി ആകാശ് ബാബു – ശ്രീഹരി എസ് നായര്‍ കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രീഹരി 14 റൺസുമായി പുറത്താകാതെ നിന്നു.

ബികെ55യ്ക്ക് വേണ്ടി അക്ഷയ് ചന്ദ്രന്‍ 3 വിക്കറ്റ് നേടി.