ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്കും, ആഷസിനും വിജയം

- Advertisement -

വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ വിജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയും, ആഷസ് സിസിയും. പങ്കജ കസ്തൂരി ക്രിക്കറ്റ് ക്ലബ്ബിനെതിരെ 9 വിക്കറ്റ് വിജയമാണ് ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമി ബി ടീം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ കൊല്ലം യോര്‍ക്ക്ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരെ 6 വിക്കറ്റ് ജയമാണ് ആഷസ് ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരം കരസ്ഥമാക്കിയത്.

പങ്കജ കസ്തൂരിയ്ക്കെതിരെ 9 വിക്കറ്റിന്റെ മിന്നുന്ന ജയമാണ് കായംകുളം ട്രാവന്‍കൂര്‍ അക്കാഡമി ബി ടീം കരസ്ഥമാക്കിയത്. ടോസ് നേടി പങ്കജ കസ്തുരിയെ ബാറ്റിംഗിനു അയയ്ച്ച ടിസിഎ അവരെ 142 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. മുന്‍ നിര തകര്‍ന്ന പങ്കജ കസ്തൂരിയ്ക്കായി മധ്യനിരയുടെ പ്രകടനമാണ് ആശ്വാസമായത്. അലന്‍ അലക്സ്(39), എസ് ഹരി(28) എന്നിവരായിരുന്നു പങ്കജ കസ്തൂരിയുടെ സ്കോര്‍ 100 കടക്കാന്‍ സഹായിച്ചത്. ടിസിഎയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടിയ നന്ദു സതീഷിനും എസ് ശരത് കുമാറിനും പുറമേ അര്‍ജുന്‍ അനില്‍, മുഹ്സിന്‍ എന്നിവരായിരുന്നു മറ്റു വിക്കറ്റ് നേട്ടക്കാര്‍. പങ്കജ കസ്തൂരിയുടെ നാല് ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

പി രാഹുല്‍ (99*) നേടിയ ശതകത്തിനു സമാനമായ പ്രകടനമാണ് ടിസിഎയ്ക്ക് ആധികാരിക വിജയം നല്‍കിയത്. 46 പന്തില്‍ നിന്ന് 15 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കൃഷ്ണപ്രസാദ് 29 റണ്‍സുമായി രാഹുലിനു മികച്ച പിന്തുണ നല്‍കി. ആഷിക്(5) ആണ് പുറത്തായ ബാറ്റ്സ്മാന്‍. പങ്കജ കസ്തൂരിയ്ക്ക് വേണ്ടി ഗോകുല്‍ ഏക വിക്കറ്റ് സ്വന്തമാക്കി.

മറ്റൊരു മത്സരത്തില്‍ ആഷസ് ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരം കൊല്ലത്തെ യോര്‍ക്ക്ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യോര്‍ക്ക്ഷെയറിനും ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ആഷസിന്റെ ജയേഷും അനന്തകൃഷ്ണനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജൂബി മണി രണ്ടും എസ് ചന്ദ്രകുമാര്‍ ഒരു വിക്കറ്റും നേടി. ക്യാപ്റ്റന്‍ അനസ് താഹ(34), അഫ്സല്‍(21), ഷാനവാസ് ഷംസുദീന്‍(27), ജാഫര്‍ ജമാല്‍(27) എന്നിവരായിരുന്നു യോര്‍ക്ക്ഷെയര്‍ സിസിയുടെ പ്രധാന സ്കോറര്‍മാര്‍. 22 ഓവറില്‍ യോര്‍ക്ക്ഷെയര്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

15.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന ആഷസിനു വേണ്ടി ജയേഷ് (75) ടോപ് സ്കോറര്‍ ആയി. കിഷോര്‍(20), ഷാനവാസ് ഖാന്‍(17*) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. യോര്‍ക്ക്ഷെയറിനു വേണ്ടി ഷംസുദീന്‍(2), അനസ് താഹ(1), നിശാദ്(1) എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

Advertisement