
22ാമത് സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനായുള്ള പോരാട്ടങ്ങളില്‍ ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമിയ്ക്ക് ബെനിക്സ് സിസിയ്ക്കെതിരെ 9 റണ്‍സിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ റീജ്യന്‍സ് സിസി തിരുവനന്തപുരം, ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി. ഓപ്പണര്‍ എം ബിജു നേടിയ ശതകം(112) റണ്‍സാണ് ബെനിക്സ് സിസിയെ മറികടക്കാന്‍ ഷൈന്‍സ് സിഎയെ സഹായിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് സിഎയ്ക്ക് സഹായകരമായത് ബിജുവിന്റെ ശതകമായിരുന്നു. 74 പന്തുകളില്‍ 14 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും സഹായത്തോടെയാണ് 112 റണ്‍സ് ബിജു നേടിയത്. ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുവെങ്കിലും ബിജു ബെനിക്സ് ബൗളര്മാര്ക്കുമേലുള്ള തന്റെ ആധിപത്യം തുടര്‍ന്നു. നിശ്ചിത 25 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ഷൈന്‍സ് സിഎ നേടിയത്. ബെനിക്സിനു വേണ്ടി ശിവകൃഷ്ണന്‍, രാധാകൃഷ്ണന് എന്നിവര്‍ രണ്ട് വിക്കറ്റും, എം ശ്രീജിത്ത്, എം മനോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നായകനും വിക്കറ്റ് കീപ്പറുമായ ടിജി അഭിലാഷിന്റെ ബാറ്റിംഗ് മികവില്‍ ലക്ഷ്യം മറികടക്കാമെന്ന പ്രതീക്ഷ ബെനിക്സ് പുലര്‍ത്തിയെങ്കിലും ലക്ഷ്യത്തിനു 9 റണ്‍സ് അകലെ മാത്രമേ അവര്‍ക്ക് എത്താനായുള്ളു. 25 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയ ബെനിക്സിനു വേണ്ടി അഭിലാഷ് പുറത്താകാതെ 83 റണ്‍സ് നേടി. ജോണ്‍ മാര്ട്ടിന് 36 റണ്‍സ് നേടി. മധ്യനിരയുടെ തകര്‍ച്ചയാണ് ബെനിക്സിനു വിനയായത്. ഷൈന്‍സിനു വേണ്ടി ബിജു 2 വിക്കറ്റും, ശരത് ചന്ദ്ര പ്രസാദ്, സിദ്ധാര്‍ത്ഥ്, അനന്തു അശോക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്കെതിരെ 4 വിക്കറ്റ് വിജയമാണ് റീജ്യന്‍സ് സിസി സ്വന്തമാക്കിയത്. ടോസ് ലഭിച്ച റീജ്യന്‍സ് ടിസിഎയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയ ടിസിഎയ്ക്ക് 175 റണ്‍സ് മാത്രമേ നേടാനായുള്ളു. 148/0 എന്ന നിലയില്‍ നിന്ന് 160/4 എന്നും പിന്നീട് 175/8 എന്ന നിലയിലേക്കും ടിസിഎയെ നിയന്ത്രിക്കാന്‍ റീജ്യന്‍സിനു കഴിഞ്ഞു. പി രാഹുല്‍(80), കൃഷ്ണപ്രസാദ്(57) എന്നിവര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റിനു നേടിയ 148 റണ്‍സിനു ശേഷം വേറൊരു ടിസിഎ ബാറ്റ്സ്മാനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ കഴിഞ്ഞില്ല. റീജ്യന്‍സിനു വേണ്ടി ടിവി സുനില്‍ 3 വിക്കറ്റും ജീവന് രണ്ട് വിക്കറ്റും മണി ഒരു വിക്കറ്റും നേടി.
ജിത്തു നിര്‍മ്മല്‍(62), പി പ്രശാന്ത്(46*) എന്നിവരുടെ ബാറ്റിംഗ് മികവാണ് 30/3 എന്ന നിലയിലേക്ക് വീണ റീജ്യന്‍സിനു തുണയായത്. ആര് വിനോദ്(27), എം മണി(25) എന്നിവരുടെ സംഭാവനകളും ശ്രദ്ധേയമായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയാണ് റീജ്യന്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. കൃഷ്ണപ്രസാദ്, മുഹ്സിന് എന്നിവര്‍ ടിസിഎയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്ജുന് അനില്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.