ടിസിയുവിനെ വീഴ്ത്തി ശ്രീ താരാമ

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി ശ്രീ താരാമ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ട്രാവന്‍കൂര്‍ ക്രിക്കറ്റ് യൂണിയനെയാണ് ആവേശകരമായ മത്സരത്തില്‍ ശ്രീ താരാമ പരാജയപ്പെടുത്തിയത്. 16 റണ്‍സിന്റെ വിജയമാണ് ശ്രീ താരാമ സിസി നേടിയത്. ടോസ് നേടിയ ശ്രീ താരാമ ക്രിക്കറ്റ് ക്ലബ്ബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ 28.1 ഓവറില്‍ 172 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ടിസിയുവിനെ 156 റണ്‍സിനു എറിഞ്ഞ് പിടിച്ച് 16 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ബാറ്റിംഗില്‍ 37 റണ്‍സ് നേടുകയും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത സജീബിന്റെ ബൗളിംഗ് പ്രകടനമാണ് ശ്രീ താരാമയെ ജയത്തിലേക്ക് നയിച്ചത്. സജീബ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

സജീബ്(37) ആണ് ശ്രീ താരാമയുടെ ടോപ് സ്കോറര്‍. ജയന്‍(25), സയനന്‍(23) എന്നിവരാണ് മറ്റു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവര്‍. ടിസിയുവിനു വേണ്ടി വിശ്വജിത്ത് മൂന്നും വിപിന്‍, രാജേഷ്, മഹേശ്വരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

173 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ടിസിയുവിനു വേണ്ടി അരു‍ണ്‍ 65 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയപ്പോള്‍ ടീമിനു 16 റണ്‍സ് തോല്‍വി വഴങ്ങേണ്ടി വന്നു. 27.4 ഓവറിലാണ് ടീം 156 റണ്‍സിനു ഓള്‍ഔട്ട് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement