117 റണ്‍സ് വിജയവുമായി റോവേഴ്സ്, തകര്‍ത്തത് ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമിയേ

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഓള്‍റൗണ്ട് മികവില്‍ മികച്ച വിജയം സ്വന്തമാക്കി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്. ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമിയുമായുള്ള മത്സരത്തില്‍ 117 റണ്‍സ് വിജയമാണ് റോവേഴ്സ് സിസി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയപ്പോള്‍ ഷൈന്‍സ് 98 റണ്‍സിനു ഓള്‍ഔട്ട് ആയി. അഭിലാഷ്, ബിബിന്‍ ചാറ്റര്‍ജി, ആരോണ്‍ ജോര്‍ജ്ജ് തോമസ് എന്നിവരോടൊപ്പം വിവി കണ്ണനും റോവേഴ്സിനു വേണ്ടി റണ്ണുകള്‍ കണ്ടെത്തിയപ്പോള്‍ റോവേഴ്സ് ബൗളര്‍മാരെ നേരിടുവാന്‍ കഷ്ടപ്പെടുകയായിരുന്നു ഷൈന്‍സ് ക്രിക്കറ്റ് അക്കാഡമി ബാറ്റിംഗ് നിര.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോവേഴ്സിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ബിബിന്‍ ചാറ്റര്‍ജി, ആരോണ്‍ ജോര്‍ജ്ജ് എന്നിവര്‍ നല്‍കിയത്. 31 റണ്‍സ് നേടിയ ആരോണ്‍ ജോര്‍ജ് പുറത്താകുമ്പോള്‍ ടീം സ്കോര്‍ 62 ആയിരുന്നു. 79 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബിബിനും(44), അഭിലാഷും(56) ചേര്‍ന്ന് നേടിയത്. ഇരുവരെയും അടുത്തടുത്ത് നഷ്ടമായെങ്കിലും കണ്ണന്‍ 17 പന്തില്‍ നേടിയ 35 റണ്‍സിന്റെ സഹായത്തോടു കൂടി റോവേഴ്സ് സ്കോര്‍ 200 കടത്തി.

ശരത് ചന്ദ്ര പ്രസാദ്, എഡ്വിന്‍ ഡെന്നിസ് ജോസഫ്, ബിഎസ് വിഷ്ണു എന്നിവര്‍ ഷൈന്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എം ബിജു ഒരു വിക്കറ്റ് വീഴ്ത്തി.

216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഷൈന്‍സിനു വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമാകുകയായിരുന്നു. 17 റണ്‍സ് നേടിയ ശരത് ചന്ദ്ര പ്രസാദാണ് ടോപ് സ്കോറര്‍. തന്റെ 4 ഓവറില്‍ വെറും 16 റണ്‍സ് നല്‍കി 3 വിക്കറ്റ് നേടിയ ബിജിത്തിനു മികച്ച പിന്തുണയാണ് മുഹമ്മദ് ആദില്‍ഷ(2 വിക്കറ്റ്), വിഷ്ണുദാസ്, വസന്ത് കുമാര്‍, എംജി ആനന്ദ് എന്നിവര്‍ നല്‍കിയത്.

Previous articleകോഹ്‍ലിയുടെ ഡബിള്‍, കൂറ്റന്‍ സ്കോറുമായി ഇന്ത്യ
Next articleചർച്ചിലിനെ തോൽപ്പിച്ച് ഐസ്വാൾ എഫ്‌സി വീണ്ടും വിജയ വഴിയിൽ