
22ാമത് സെലസ്റ്റ്യല്‍ ട്രോഫി മത്സരത്തില്‍ മികച്ച വിജയം കരസ്ഥമാക്കി റീജ്യന്‍സ് ക്രിക്കറ്റ് ക്ലബ്ബ്. ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ 7 വിക്കറ്റിനാണ് റീജ്യന്‍സ് കീഴടക്കിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ടിസിയുവിനു ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നു. 25 ഓവറില്‍ 155 റണ്‍സിനു അവര്‍ ഓള്‍ഔട്ടായി. 21ാം ഓവറില്‍ റീജ്യന്‍സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ജിത്തു നിര്‍മ്മല്‍ (50), ലിനു(42), കാര്‍ത്തിക്(34) എന്നിവര്‍ വിജയികള്‍ക്ക് വേണ്ടി തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ടിസിയുവിനു തുടക്കം തന്നെ പിഴച്ചു. ആദ്യ ഓവറില്‍ അഭിലാഷ് നാഥിനെ നഷ്ടമായ അവര്‍ ഏറെ വൈകാതെ 10/3 എന്നും 55/5 എന്ന നിലയിലേക്ക് കൂപ്പു കുത്തി. രവിശങ്കര്‍(41), അഖില്‍(30), അരുണ്‍(25) എന്നിവരുടെ ബാറ്റിംഗാണ് ടിസിയുവിനെ 155 റണ്‍സ് എന്ന നിലയിലേക്ക് എത്തിച്ചത്. റീജ്യന്‍സിനു വേണ്ടി ലിനു മൂന്ന് വിക്കറ്റും, സുനില്‍ 2 വിക്കറ്റും വീഴ്ത്തിയപ്പോള്‍ ജീവന്, പ്രശാന്ത്, എഡിസണ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
156 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ റീജ്യന്‍സിനു വേണ്ടി ഓപ്പണര്‍മാരായ ലിനു, ജിത്തു നിര്‍മ്മല്‍ എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സാണ് നേടിയത്. 12.4 ഓവറില്‍ ലിനുവിനെ അഖില്‍ എസ് നായര്‍ പുറത്താക്കിയെങ്കിലും. ജിത്തുവും കാര്‍ത്തിക്കും ചേര്‍ന്ന് സ്കോറിംഗ് തുടര്‍ന്നു. തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ ജിത്തു പുറത്തായെങ്കിലും അധികം ബുദ്ധിമുട്ടില്ലാതെ റീജ്യന്‍സ് വിജയലക്ഷ്യം കടന്നു. മത്സരം അവസാനിക്കുമ്പോള്‍ കാര്‍ത്തിക് 34 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ടിസിയുവിനു വേണ്ടി രവിശങ്കര്‍, അഖില്‍ എസ് നായര്‍, വിനീത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.