
സ്വാന്റണ്‍സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ 3 വിക്കറ്റ് വിജയം സ്വന്തമാക്കി കേരള ക്രിക്കറ്റ് അക്കാഡമി എറണാകുളം 22ാമത് സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സ്വാന്റണ്‍സിനു വേണ്ടി ശിവ് ഗണേഷ് മാത്രമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. 55 റണ്‍സ് നേടിയ ശിവ ഗണേഷിനു പുറമേ 23 റണ്‍സ് നേടിയ സഞ്ജയ് രാജ് ആയിരുന്നു ബാറ്റിംഗില്‍ ചെറുത്ത്നില്പ് പ്രകടപ്പിച്ചത്. കെസിഎയ്ക്കെതിരെ ബാക്കി ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ 30 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനെ സ്വാന്റണ്‍സിനു സാധിച്ചുള്ളു.
കെസിഎ ബൗളിംഗ് നിരയില്‍ ശ്രീഹരിയാണ് മികച്ച് നിന്നത്. 6 ഓവറില്‍ വെറും 10 റണ്‍സ് നല്കി 3 വിക്കറ്റാണ് ശ്രീഹരി സ്വന്തമാക്കിയത്. ശ്രീഹരിയ്ക്കൊപ്പം രണ്ട് വിക്കറ്റ് വീതം നേടി ഷിനാസ് ഹാസിം, സഫ്വാന് എന്നിവരും, ഉണ്ണിമോന് സാബുവും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
കെസിഎയ്ക്കുടെ ചേസിംഗും മികച്ചതായിരുന്നില്ല. അനു ജോതിന് 37 റണ്‍സ് നേടി ടോപ് സ്കോററായെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. മറ്റു ബാറ്റ്സ്മാന്മാര് ലഭിച്ച തുടക്കങ്ങള്‍ മുതലാക്കാനാതെ പോയപ്പോള്‍ കെസിഎ എറണാകുളം 107/6 എന്ന നിലയിലേക്ക് കൂപ്പു കുത്തി. വാലറ്റത്തെ കൂട്ടുപിടിച്ച് പിജി ഗിരീഷിന്റെ ചെറുത്ത് നില്പാണ് ടീമിനെ സെമിയിലേക്ക് എത്തിച്ചത്. 17 പന്തില്‍ നിന്ന് 28 റണ്‍സ് നേടി ഗിരീഷ് പുറത്താകാതെ നിന്നു. 7 വിക്കറ്റ് നഷ്ടത്തില്‍ 27.1 ഓവറില്‍ കെസിഎ അക്കാഡമി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
സ്വാന്റണ്‍സിനു വേണ്ടി അഭിന്‍ മാത്യു മൂന്ന് വിക്കറ്റും, പികെ വിഷ്ണു രണ്ട് വിക്കറ്റും നേടി.
സെന്റ് സേവിയേഴ്സ് തുമ്പ ഗ്രൗണ്ടില്‍ നാളെ നടക്കുന്ന സെമി പോരാട്ടങ്ങളില്‍ രാവിലെ 8 മണിയ്ക്ക് ആദ്യ സെമിയില്‍ എസ്ബിടി ഏജീസ് ഓഫീസിനെയും 12.30നു നടക്കുന്ന രണ്ടാം സെമിയില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സിസി കെസിഎ അക്കാഡമി എറണാകുളത്തിനെയും നേരിടും.