റീജ്യന്‍സിനെതിരെ ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സ് വിജയം

- Advertisement -

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സ് വിജയം. ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ഷാരൂക് കെ ഫ്രാന്‍സിസ്(76), അല്‍ അമീന്‍ (40), സിപി സലിത്(31) എന്നിവരുടെ ശ്രദ്ധേയമായ പ്രകടനമാണ് ഫ്രണ്ട്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 38/3 എന്ന നിലയില്‍ നിന്നാണ് അല്‍ അമീന്‍, സലിത് എന്നിവരോടൊപ്പമുള്ള രണ്ട് പാര്‍ട്ണര്‍ഷിപ്പുകളുമായി ഷാരൂക് ഫ്രണ്ട്സിനെ കരകയറ്റിയത്. ജോണ്‍ വിന്‍സ്റ്റണ്‍(2), ജീവന്‍(1), പ്രശാന്ത്(1) എന്നിവരായിരുന്നു റീജ്യന്‍സിനു വേണ്ടി വിക്കറ്റുകള്‍ നേടിയത്.

180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റീജ്യന്‍സിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ലിനു(34), ജിത്തു നിര്‍മ്മല്‍ (44) നേടിയ 65 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് റീജ്യന്‍സ് തകര്‍ന്നത്. ജിത്തു പുറത്താകുമ്പോള്‍ അവര്‍ 93/3 എന്ന നിലയിലായിരുന്നു. ജോണ്‍ വിന്‍സ്റ്റണ്‍ (19) കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. 23.2 ഓവറില്‍ 168 റണ്‍സിനു റീജ്യന്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു.

കെപി പ്രശോഭ്, അല്‍ അമീന്‍ എന്നിവര്‍ 3 വിക്കറ്റ് നേടിയപ്പോള്‍, സിപി സലിത് രണ്ടും, ഷാരൂക് ഒരു വിക്കറ്റും വീഴ്ത്തി.

Advertisement