അഞ്ച് വിക്കറ്റ് നേട്ടവുമായി അഖില്‍ അനില്‍, കെസിഎ അക്കാഡമി എറണാകുളത്തിനു 34 റണ്‍സ് വിജയം

- Advertisement -

മെഡിക്കല്‍ കോളേജ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ 34 റണ്‍സിനു ലാന്‍ഡെക് എഞ്ചിനിയേഴ്സ് സിഎയെ പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അക്കാഡമി എറണാകുളത്തിനു വിജയം. അഖില്‍ അനിലിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് വിജയം നേടുവാന്‍ കെസിഎയെ സഹായിച്ചത്. ടോസ് നേടിയ ലാന്‍ഡെക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കെസിഎ 8 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന് 171 റണ്‍സ് നേടി. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ വലിയ സ്കോര്‍ കണ്ടെത്താനായില്ലെങ്കിലും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി പൊരുതാവുന്ന സ്കോറിലേക്ക് കെസിഎ എത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ 112/7 എന്ന നിലയില്‍ നിന്ന് ഗിരീഷ്(25) – മുഹമ്മദ് സഫ്വാന്‍(25*) എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടു നേടിയ 59 റണ്‍സാണ് കെസിഎ അക്കാഡമിയ്ക്ക് തുണയായത്. അനുജ് ജോടിന്‍(26), അമല്‍ രാജീവന്‍(25) എന്നിവരും മികച്ച രീതിയില്‍ ബാറ്റ് വീശി.

ലാന്‍ഡെകിനു വേണ്ടി ആശിഷ് മാത്യു രണ്ട് വിക്കറ്റ് നേടി. ആദിത്യ മോഹന്‍, കെഎസ് വിവേക്, ടിഎ അബീഷ്, ജോഫിന്‍ ജോസ്, അല്ലെന്‍ ഷൈജു എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍.

172 റണ്‍സ് തേടി ഇറങ്ങിയ ലാന്‍ഡെകിനു 24.2 ഓവറില്‍ 137 റണ്‍സ് മാത്രമേ നേടാനായുള്ളു. 29 റണ്‍സ് നേടിയ സിഎച്ച് അഭിരാം ആണ് ടോപ് സ്കോറര്‍. 57 പന്തുകളാണ് തന്റെ 29 റണ്‍സ് നേടാന്‍ അഭിരാം നേരിട്ടത്. അഖില്‍ അനില്‍ നേടിയ അഞ്ച് വിക്കറ്റുകള്‍ക്ക് പുറമേ, അജിത്ത് ജേക്കബ് മൂന്ന് വിക്കറ്റും മുഹമ്മദ് സഫ്വാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Advertisement