മുത്തൂറ്റ് എറണാകുളം സിസിയ്ക്ക് 3 വിക്കറ്റ് വിജയം

- Advertisement -

തുമ്പ: കെസിഎ അക്കാഡമി തിരുവനന്തപുരത്തിനെതിരെ 3 വിക്കറ്റ് വിജയം സ്വന്തമാക്കി എറണാകുളം സിസി. സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ എറണാകുളം സിസി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സുബിന്‍(33), അജിനാസ്(33), റോഷന്‍ രാജു(35) എന്നിവരുടെ സംഭാവനകളുടെ പിന്‍ബലത്തില്‍ കെസിഎ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടുകയായിരുന്നു. എറണാകുളം സിസിയ്ക്ക് വേണ്ടി സി രമേഷ് 2 വിക്കറ്റ് നേടി. സൂരജ്, ബേസില്‍ മാത്യൂ, ഷറഫുദ്ദീന്‍, ശ്രീനാഥ് എന്നിവരായിരുന്നു മറ്റു വിക്കറ്റ് നേട്ടക്കാര്‍.

എറണാകുളം സിസിയുടെ തുടക്കം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ 11 എത്തിയപ്പോളേക്കും ഓപ്പണിംഗ് ബാറ്റ്സ്മാന്മാര്‍ രണ്ടും പവലിയനിലേക്ക് മടങ്ങി. ടികെ റിനിലിന്റെ (27) ചെറുത്തുനില്പിനും ഏറെ ആയുസ്സുണ്ടായിരുന്നില്ല. 39 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് എറണാകുളം സിസിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. ശ്രീനാഥ്(39), സബിന്‍ എസ് കാരണവര്‍(30) എന്നിവര്‍ ചേര്‍ന്ന് എറണാകുളം സിസിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തോന്നിപ്പിച്ചപ്പോളാണ് ശ്രീനാഥ് റണ്‍ഔട്ട് രൂപത്തില്‍ പുറത്തായത്. 92/5 എന്ന നിലയിലേക്ക് പതിച്ച അവരെ ഷറഫുദ്ദീന്‍(30), സൂരജ്(20) എന്നിവരുടെ ബാറ്റിംഗ് മികവാണ് വിജയത്തിലേക്ക് എത്തിച്ചത്.

അമല്‍ രമേഷ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അക്കാഡമിയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്‍പി ബേസില്‍, അതുല്‍ രവീന്ദ്രന്‍, റേഷന്‍ രാജു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement