
മുരുഗന് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 22ാമത് സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ദിവസം കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ്-ബി, പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവര്‍ക്ക് വിജയം. വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ ഫെബ്രുവരി 1 2017ന് അരങ്ങേറിയ മത്സരങ്ങളില്‍ കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് ബ്ലൂജെറ്റ് ക്രിക്കറ്റ് ക്ലബ്ബിനെ 15 റണ്‍സിനു പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സൈലന്‍സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ (ഗ്രൂപ്പ് എ) ടോസ് നേടിയ ബ്ലൂജെറ്റ് ക്രിക്കറ്റ് ക്ലബ്ബ്, തിരുവനന്തപുരം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ്-ബി 25 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. അര്‍ദ്ധ ശതകം നേടിയ വൈശാഖ്(24 പന്തില്‍ 55 റണ്‍സ്), ജിതേന്ദ്ര(50) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിനു മികച്ച പിന്തുണയാണ് ടിവി അക്ഷയ്(40) ജിത്തു(31) എന്നിവര്‍ നല്‍കിയത്. ബ്ലൂ ജെറ്റിനു വേണ്ടി ചന്ദ്രന് രണ്ട് വിക്കറ്റുകളും, പ്രസാദ്, രജിത്, മിധുന് ലാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അഖില്‍(73), ഹരിശങ്കര്‍(43), ജി പ്രസാദ്(40), ബിജു(30) എന്നിവര്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തുവെങ്കിലും ഈ പ്രകടനം ബ്ലൂ ജെറ്റിനെ വിജയത്തിലെത്തിക്കുവാന്‍ പോന്നതായിരുന്നുല്ല. 5 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടാനെ ബ്ലൂജെറ്റിനായുള്ളു. ജിത്തു രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍, വിവേക് കുമാര്‍, രജത്, കൃഷ്ണന് എന്നിവരായിരുന്നു കോസ്മോസിന്റെ മറ്റു വിക്കറ്റ് നേട്ടക്കാര്‍.
രണ്ടാം മത്സരത്തില്‍ (ഗ്രൂപ്പ് സി) സൈലന്‍സ് സിസി ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കേഴ്സ് 22 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. 68 റണ്‍സുമായി ശ്രീദേവന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 20 പന്തില്‍ 43 റണ്‍സ് നേടിയ വിപിന്റെ ഇന്നിംഗ്സാണ് പാക്കേഴ്സിന്റെ സ്കോര്‍ 200 കടത്തിയത്. ഓപ്പണര്‍ പിആര്‍ ഗോകുല്‍ 35 റണ്‍സ് നേടി. മനോജ്(20), ഓസ്റ്റിന്‍(25) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. 3 വിക്കറ്റുകള്‍ നേടിയ അല്‍ അമീനാണ് സൈലന്‍സിന്റെ ബൗളര്‍മാരില്‍ മികച്ച് നിന്നത്. സ്വരൂപ്, വിപിന്‍, ആനന്ദ്, എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
229 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൈലന്‍സ് ക്രിക്കറ്റ് ക്ലബ്ബ് 201 റണ്‍സ് നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. എംപി വിശാഖ്(83) റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. 8ാം വിക്കറ്റായി വിശാഖ് പുറത്താകുമ്പോള്‍ സൈലന്‍സിന്റെ സ്കോര്‍ 199 റണ്‍സായിരുന്നു. 191/3 എന്ന നിലയില്‍ നിന്ന് 10 റണ്‍സ് നേടുന്നതിനിടയില്‍ സൈലന്‍സിന്റെ ബാക്കി 10 വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. അല്‍ അമീന് 42 റണ്‍സ് നേടി വിശാഖിനു മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയിരുന്നു.
പാക്കേഴ്സിനു വേണ്ടി ദീപിക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി അനീഷ്, മനോജ്, അനന്തു, വിപിന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.