Strikerscc

ഓള്‍റൗണ്ട് മികവുമായി സിബി, 68 റൺസ് വിജയം നേടി സ്ട്രൈക്കേഴ്സ് സിസി

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ ബെനിക്സ് സിസിയെ പരാജയപ്പെടുത്തി സ്ട്രൈക്കേഴ്സ് സിസി. ഇന്നലെ ഉദ്ഘാടന മത്സരത്തിൽ ബെനിക്സ് വിജയം കുറിച്ചുവെങ്കിലും ഇന്ന് സ്ട്രൈക്കേഴ്സിനെതിരെ ടീമിന് തോൽവിയേറ്റു വാങ്ങേണ്ടിവന്നു.

ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 25.5 ഓവറിൽ 211 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബെനിക്സിന് 143 റൺസ് മാത്രമേ നേടാനായുള്ളു.

28 പന്തിൽ 61 റൺസ് നേടിയ സിബി സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 17 പന്തിൽ 34 റൺസ് നേടിയ അഖിലേഷ് ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. മനു 28 റൺസും രാഹുല്‍ പുറത്താകാതെ 23 റൺസും നേടിയപ്പോള്‍ ജീവന്‍ 24 റൺസ് നേടി. ബെനിക്സിന് വേണ്ടി ഗോപികൃഷ്ണ നാലും ശിവകൃഷ്ണന്‍, അബ്സൽ അസീസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

35 റൺസ് നേടിയ സുനിലും 26 റൺസ് നേടി രഞ്ജിത്തും മാത്രമാണ് ബെനിക്സിന്റെ ബാറ്റിംഗിൽ ചെറുത്ത്നില്പുയര്‍ത്തിയത്. സ്ട്രൈക്കേഴ്സിന് വേണ്ടി ജിമോന്‍ നാലും സിബി മൂന്നും വിക്കറ്റ് നേടി.

സിബിയാണ് കളിയിലെ താരം.

Exit mobile version