ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി ബെനിക്സ്, സ്കൈസ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം

വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന 22ാമത് സെലസ്റ്റിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ബെനിക്സ് സിസി ഫൈറ്റേഴ്സ് സിസിയെ 34 റണ്‍സിനു പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ റൈസിംഗ് ക്രിക്കറ്റേഴ്സിനെ 12 റണ്‍സിനു പരാജയപ്പെടുത്തി സ്കൈസ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൂപ്പ് ബിയില്‍ വിജയം സ്വന്തമാക്കി.

ആദ്യ ഓവറില്‍ തന്നെ രോഹിതിനെ നഷ്ടമായെങ്കിലും എംപി സോറാബ്(64), ടിജി അഭിലാഷ്(48) എന്നിവരുടെ 79 റണ്‍സ് കൂട്ടുകെട്ടിന്റെ സഹായത്തോടെ ബെനിക്സ് 10 ഓവറില്‍ 80 റണ്‍സ് നേടുകയായിരുന്നു. രാധാകൃഷ്ണന്‍(36), എസ് രഞ്ജിത്ത്(25) എന്നിവരുടെ സംഭാവനകള്‍ ബെനിക്സിന്റെ ടോട്ടല്‍ 25 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ എത്തിയ്ക്കുകയായിരുന്നു. ഫൈറ്റേഴ്സിനു വേണ്ടി ജിഷ്ണുവും സൂരജും 2 വിക്കറ്റും, അവിനാശ് ദാസ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ഫൈറ്റേഴ്സ് 164 റണ്‍സ് നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. ചരണ്‍ (41) ആയിരുന്നു ഫൈറ്റേഴ്സിന്റെ ടോപ് സ്കോറര്‍, വി പിള്ള(31), സൂരജ്(26), നിതുല്‍(25) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. ബെനിക്സിന്റെ രാധാകൃഷ്ണന്‍ 5 ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റും, ഗോപന്‍, രഞ്ജിത്ത് എന്നിവര്‍ 2 വിക്കറ്റും നേടി.

രണ്ടാം മത്സരത്തില്‍ സ്കൈസ് ക്രിക്കറ്റ് ക്ലബ്ബ് ഉയര്‍ത്തിയ 192 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന റൈസിംഗ് ക്രിക്കറ്റേഴ്സിനു 179 റണ്‍സ് മാത്രമേ നേടാനായുള്ളു. ആദ്യം ബാറ്റ് ചെയ്ത സ്കൈസിനു വേണ്ടി എംഎസ് മിഥുന്‍ 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. സൂരജ് ലാല്‍(27), കൃഷ്ണന്‍(21), അജീഷ്(22) എന്നിവരുടെ സഹായത്തോടു കൂടിയാണ് സ്കൈസ് 191 റണ്‍സ് നേടിയത്.

റൈസിംഗ് ക്രിക്കറ്റേഴ്സിനു വേണ്ടി ശ്യാം ശതകം നേടിയെങ്കിലും കൂട്ടാളികളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ടീമിനു വിജയം സ്വന്തമാക്കാനായില്ല. മറ്റൊരു ബാറ്റ്സ്മാനു പോലും മികച്ച സ്കോര്‍ കണ്ടെത്താനാവത്ത മത്സരത്തില്‍ 12 റണ്‍സിനു സ്കൈസ് വിജയം സ്വന്തമാക്കി. സ്കൈസിനു വേണ്ടി പ്രതീഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

Previous articleഇരിങ്ങാലക്കുടയിൽ എം എസ് പി ചാമ്പ്യന്മാർ
Next articleതീർക്കാൻ കണക്കുകളുമായി ബ്ലാക്ക് & വൈറ്റ് സെമിയിൽ സൂപ്പറിനെതിരെ