ഏജീസ് ഓഫീസിനു 5 വിക്കറ്റ് ജയം

- Advertisement -

തുമ്പ: രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരത്തെ 5 വിക്കറ്റിനു പരാജയപ്പെടുത്തി ഏജീസ് ഓഫീസ്. ഇന്ന് സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രഞ്ജി സിസി ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ചൊരു സ്കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. 28 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് അവര്‍ സ്കോര്‍ ചെയ്തത്. അര്‍ജ്ജുന്‍(33), പ്രസൂണ്‍ പ്രസാദ്(31) എന്നിവരായിരുന്നു രഞ്ജി സിസിയുടെ പ്രധാന സ്കോറര്‍മാര്‍.

മനു കൃഷ്ണന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ കെ ആര്‍ ശ്രീജിത്ത്, വൈശാഖ് ചന്ദ്രന്‍, മുഹമ്മദ് ഷാനു എന്നിവര്‍ ഏജീസിനു വേണ്ടി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഏജീസിന്റെ മറുപടി തകര്‍ച്ചയോടു കൂടിയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സാലി വി സാംസണിനെ നഷ്ടമായ ഏജീസ് ഒരു ഘട്ടത്തില്‍ 25/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിനു ഒത്തു ചേര്‍ന്ന മനു കൃഷ്ണന്‍ എവി അന്‍ജിത്ത് സഖ്യം ഏജീസിനെ അക്ഷരാര്‍ത്ഥത്തില്‍ കരകയറ്റുകയായിരുന്നു. 111 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മനുകൃഷ്ണന്‍ അര്‍ദ്ധ ശതകത്തിനു ഒരു റണ്‍ അകലെ പുറത്തായപ്പോള്‍ അന്‍ജിത്ത് 56 റണ്‍സുമായി പുറത്താകാതെ നിന്നു.

പ്രസൂണ്‍ പ്രസാദ് (2), നിയാസ് നിസാര്‍(1), സിപി റിസ്വാന്‍(1), അഭി ബിജു(1) എന്നിവര്‍ രഞ്ജി സിസിയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടി.

Advertisement