അമീര്‍ സീഷന് ശതകം, 108 റണ്‍സിന്റെ വമ്പന്‍ ജയവുമായി സ്വാന്റണ്‍സ്

സെലസ്റ്റിയല്‍ ട്രോഫിയില്‍ ബെനിക്സിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ച് സ്വാന്റണ്‍സ്. അമീര്‍ സീഷന്‍ പുറത്താകാതെ 89 പന്തില്‍ നിന്ന് 113 റണ്‍സ് നേടി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് സിസി 195 റണ്‍സാണ് 26 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ടീമിനായി മറ്റൊരു ഓപ്പണര്‍ അഖിം റാഫേല്‍ 39 റണ്‍സ് നേടി. ബെനിക്സിന് വേണ്ടി ഷെഫിന്‍ 2 വിക്കറ്റ് നേടി. അമീര്‍ സീഷന്‍ 5 ഫോറും 7 സിക്സും അടക്കമാണ് തന്റെ 113 റണ്‍സ് നേടിയത്. അഖിം 3 സിക്സ് തന്റെ ഇന്നിംഗ്സില്‍ നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.5 ഓവറില്‍ 80 റണ്‍സാണ് അടിച്ച് കൂട്ടിയത്. അജിത്ത്(19) ആണ് ടീമിന്റെ മറ്റൊരു സ്കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെനിക്സിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിലാഷിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി സ്വാന്റണ്‍സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. 21.1 ഓവറില്‍ 87 റണ്‍സിന് ബെനിക്സ് ഓള്‍ഔട്ട് ആയപ്പോള്‍ 108 റണ്‍സിന്റെ വിജയമാണ് സ്വാന്റണ്‍സ് സിസി സ്വന്തമാക്കിയത്. 32 റണ്‍സ് നേടിയ രഞ്ജിത്ത് ആണ് ബെനിക്സിന്റെ ടോപ് സ്കോറര്‍.

സ്വാന്റണ്‍സിനായി ബൗളിംഗില്‍ ഷാഹിന്‍ഷാ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

Exit mobile version