ടി20 പരമ്പര 3-1 നു സ്വന്തമാക്കി പാക്കിസ്ഥാന്‍

അവസാന ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. വിജയത്തോടു കൂടി നാല് ടി20കളുടെ പരമ്പര പാക്കിസ്ഥാന്‍ 3-1നു സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19ാം ഓവറിലാണ് പാക്കിസ്ഥാന്‍ മറികടന്നത്. അഹമ്മദ് ഷെഹ്സാദ്(53), കമ്രാന്‍ അക്മല്‍(20), ബാബര്‍ അസം(38) എന്നിവരുടെ ബാറ്റിംഗ് മികവാണ് പാക്കിസ്ഥാന് തുണയായത്. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കെസ്രിക് വില്യംസ് രണ്ട് വിക്കറ്റും മര്‍ലന്‍ സാമുവല്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ആതിഥേയരെ 124 റണ്‍സില്‍ തളച്ചിടുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ ടോട്ടല്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയത്. 40 റണ്‍സുമായി ചാഡ്വിക് വാള്‍ട്ടണ്‍, 37 റണ്‍സ് നേടിയ കാര്‍ലോസ് ബ്രാത്‍വൈറ്റ്, 22 റണ്‍സുമായി മര്‍ലന്‍ സാമുവല്‍സ് എന്നിവര്‍ക്ക് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി, ഷദബ് ഖാന്‍ എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇമാദ് വസീം, രുമ്മാന്‍ റയീസ്, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

തന്റെ നാലോവറില്‍ 12 റണ്‍സിനു 2 വിക്കറ്റ് നേടിയ ഹസന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി സീരീസ് പട്ടം ഷദബ് ഖാ നേടി.

Previous articleആഴ്‌സണൽ – സിറ്റി പോരാട്ടം സമനിലയിൽ
Next articleഭാഗ്യം തുണയ്ക്കുമോ വിഷ്ണു വിനോദിനെ?