ഇന്ത്യയ്ക്ക് ജയമൊരുക്കി ബൗളര്‍മാര്‍, ഹാട്രിക്കുമായി കുല്‍ദീപ് യാദവ്

ബാറ്റ്സ്മാന്മാര്‍ നേടിയ 252 റണ്‍സ് കാത്ത് രക്ഷിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. കുല്‍ദീപ് യാദവ് ഏകദിനത്തില്‍ ഹാട്രിക്ക് നേടിയ മൂന്നാം ഇന്ത്യന്‍ താരമായ മത്സരത്തില്‍ ഇന്ത്യയുടെ പൂര്‍ണ്ണ ആധിപത്യമാണ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കണ്ടത്. ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 50 റണ്‍സിന്റെ ജയമാണ് ഓസ്ട്രേലിയയ്ക്ക് മേല്‍ ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0 ന്റെ ലീഡ് നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലി(92), അജിങ്ക്യ രഹാനേ(55) എന്നിവരുടെ ബാറ്റിംഗ് കൂറ്റന്‍ സ്കോര്‍ നല്‍കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്ത്യയെ 252 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ വന്നു.

സ്മിത്ത്(59), ട്രാവിസ് ഹെഡ്(39) കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയന്‍ ചെറുത്ത് നില്പിനു ചുക്കാന്‍ പിടിച്ചത്. ഓപ്പണര്‍മാരെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയയച്ചപ്പോള്‍ സ്പിന്നര്‍മാര്‍ മധ്യനിരയെ വരുതിയിലാക്കി. 76 റണ്‍സ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് മത്സരത്തില്‍ ഓസ്ട്രേലിയന്‍ ക്യാമ്പില്‍ പ്രതീക്ഷ പരത്തിയത്. ചഹാലിനെയും കുല്‍ദീപിനെയും നേരിടാന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.  33ാം ഓവറില്‍ ഹാട്രിക്ക് സ്വന്തമാക്കി കുല്‍ദീപ് ഓസ്ട്രേലിയയുടെ പതനം ഉറപ്പാക്കി. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ താരമാണ് കുല്‍ദീപ്. 43.1 ഓവറില്‍ 202 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് 62 റണ്‍സ് നേടി പുറത്താകാതെ നിന്നു.

തന്റെ 6.1 ഓവറില്‍ വെറും 9 റണ്‍സ് വിട്ടു നല്‍കി 2 വിക്കറ്റ് നേടിയ ഭുവിയുടെ പ്രകടനം ഇന്ത്യയ്ക്ക് ഏറെ പ്രധാനമുള്ളതായിരുന്നു. ചഹാല്‍, ഹാര്‍ദ്ദിക്ക് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

 

കോഹ്‍ലി 92, ഇന്ത്യയെ പിടിച്ചുകെട്ടി ഓസ്ട്രേലിയ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial