രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ യുവ രക്തങ്ങള്‍ക്ക് വിജയം

ടെസ്റ്റ് പരമ്പര 2-0 നു തൂത്തുവാരിയതിനു ശേഷം ഏകദിന പരമ്പരയിലും ഇന്ത്യന്‍ യുവതാരങ്ങളുടെ ആധിപത്യം. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് വിജയം നേടിയ ശേഷം രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിനെ 8 വിക്കറ്റിനു തകര്‍ത്തിരിക്കുകയാണ് ഇന്ത്യയുടെ U19 ക്രിക്കറ്റ് സംഘം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സംഘം 44.4 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെറും 33.2 ഓവര്‍ മാത്രമാണ് ഇന്ത്യ ഇതിനായി നേരിട്ടത്. 74 റണ്‍സ് നേടിയ ഇന്ത്യയുടെ ഹിമാന്‍ഷു റാണയാണ് കളിയിലെ താരം.

അനുകുല്‍ സുധാകര്‍ റോയി(4), രാഹുല്‍ ചഹാര്‍(3), അഭിഷേക് ശര്‍മ്മ(2) എന്നിവരുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വരി‍ഞ്ഞുകെട്ടിയത്. ആദ്യ വിക്കറ്റില്‍ 48 റണ്‍സ് നേടിയ ഇംഗ്ലണ്ട് പിന്നീട് മത്സരം കൈവിടുകയായിരുന്നു. 35 റണ്‍സുമായി ലിയാം ട്രെവാസ്കിസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ലാമ്മന്‍ബി പുറത്താകാതെ 30 റണ്‍സ് നേടി. മധ്യനിരയ്ക്ക് 20കളിലേക്ക് കടക്കാനായെങ്കിലും ആ തുടക്കം മികച്ച സ്കോറാക്കി മാറ്റുവാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഹിമാന്‍ഷു റാണയുടെ മികവിനു പുറമേ പൃഥ്വി ഷാ(48), ശുഭ്മന്‍ ഗില്‍(38*) എന്നിവരും റണ്ണുകള്‍ കണ്ടെത്തി. ഓഗസ്റ്റ് 12നാണ് പരമ്പരയിലെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial