
ഓസ്ട്രേലിയയെ 24 റണ്‍സിനു പരാജയപ്പെടുത്തി ന്യൂസിലാണ്ട് ചാപ്പല്‍-ഹാഡ്ലീ പരമ്പര സ്വന്തമാക്കി. ന്യൂസിലാണ്ട് ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 47ാം ഓവറില്‍ 257 റണ്‍സിനു ഓള്‍ഔട്ട് ആയി. 6 ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. റോസ് ടെയ്ലര്, ഡീന്‍ ബ്രൗണി എന്നിവരുടെ ഇന്നിംഗ്സുകളുടെ സഹായത്തോടെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 281 റണ്‍സ് നേടിയിരുന്നു. ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല് എന്നിവരായിരുന്നു ഓസ്ട്രേലിയയുടെ പ്രധാന സ്കോറര്‍മാര്‍.
മൂന്നാം ഓവറില്‍ ടോം ലാഥത്തിനെ നഷ്ടമായെങ്കിലും ന്യൂസിലാണ്ട് മികച്ച കൂട്ടുകെട്ടാണ് ഓപ്പണര്‍ ഡീന്‍ ബ്രൗണിയും നായകന് കെയിന്‍ വില്യംസണും ചേര്‍ന്ന് നല്‍കിയത്. സ്കോര്‍ 76ല്‍ നില്‍ക്കെ വില്യംസണ്(37) പവലിയനിലേക്ക് മടങ്ങിയെങ്കിലും റോസ് ടെയ്ലറിനോടൊപ്പം ബ്രൗണി സ്കോറിംഗ് തുടര്‍ന്നു. 100 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. 63 റണ്‍സ് നേടിയ ബ്രൗണിയെ ജെയിംസ് ഫോക്നര്‍ പുറത്താക്കി. തുടര്‍ന്ന് ന്യൂസിലാണ്ട് മധ്യനിര തകരുന്ന കാഴ്ചയാണ് കണ്ടത്. 176/2 എന്ന നിലയില്‍ നിന്ന് 209/6 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് കൂപ്പുകുത്തി. റോസ് ടെയ്ലര് – മിച്ചല്‍ സാന്റനര്‍ കൂട്ടുകെട്ടാണ് വീണ്ടും ന്യൂസിലാണ്ട് ചെറുത്ത് നില്പ് ആരംഭിച്ചത്. റോസ് ടെയ്ലര് തന്റെ ശതകം തികച്ചയുടന്‍ (107) ഫോക്നറിനു വിക്കറ്റ് നല്കി പുറത്തായി. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടിയ ന്യൂസിലാണ്ടിനു വേണ്ടി സാന്റനര്‍ 38 റണ്‍സ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി സ്റ്റാര്‍ക്കും ഫോക്നറും തിളങ്ങി. ജോഷ് ഹാസല്‍വുഡ്(2), പാറ്റ് കമ്മിന്‍സ്(1) എന്നിവര്‍ക്കായിരുന്നു ശേഷിച്ച വിക്കറ്റുകള്‍.
ഷോണ്‍ മാര്‍ഷ്-ഫിഞ്ച് കൂട്ടുകെട്ട് നല്കിയ മികച്ച തുടക്കത്തിന്റെ ശക്തിയില്‍ തുടങ്ങിയ ഓസ്ട്രേലിയയെ മധ്യ നിര കൈവിടുകയായിരുന്നു. 22 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷ് റണ്‍ഔട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ അതേ ഓവറില്‍ റണ്ണൊന്നുമെടുക്കാത്ത പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ബൗള്‍ട്ട് മടക്കി അയയ്ച്ചു. ട്രാവിസ് ഹെഡ്ഡുമായി ചേര്‍ന്ന് ഫിഞ്ച് ഓസ്ട്രേലിയന്‍ പോരാട്ടം തുടര്‍ന്നുവെങ്കിലും 56 റണ്‍സ് നേടിയ ഫിഞ്ചിനെ ബൗള്‍ട്ടിന്റെ കൈകളിലെത്തിക്കുകയായിരുന്നു വില്യംസണ്. തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പൂജ്യത്തിനു പുറത്താക്കി സാന്റനര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി. ഹെഡ്ഡിനെയും ഫോക്നറിനെയും ഒരേ ഓവറില്‍ പുറത്താക്കി ബൗള്‍ട്ട് വീണ്ടും ഓസ്ട്രേലിയയ്ക്ക് തിരിച്ചടി സമ്മാനിച്ചു. ആദ്യ മത്സരത്തിലെ വീര നായകന് മാര്‍കസ് സ്റ്റോയിനിസ് (42) പൊരുതി നോക്കിയെങ്കിലും അധിക നേരം പിടിച്ചു നില്ക്കാനായില്ല. എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്(29*), പാറ്റ് കമ്മിന്‍സ്(27) കൂട്ടുകെട്ട് 51 റണ്‍സ് നേടിയെങ്കിലും ന്യൂസിലാണ്ട് വിജയത്തിനെ ചെറുക്കാന്‍ മാത്രം അവര്‍ക്കായില്ല. 24 റണ്‍സ് വിജയം ന്യൂസിലാണ്ട് നേടുമ്പോള്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ട്രെന്റ് ബൗള്‍ട്ടിന്റെ ആറു വിക്കറ്റുകള്‍ക്ക് പുറമേ സാന്റനര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ് ഒരു വിക്കറ്റ് സ്വന്തമാക്കി.