ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു ജയം

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി ബോര്‍‍ഡ് പ്രസിഡന്റ്സ് ഇലവന്‍. ഇന്ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ ജയമാണ് ബോര്‍ഡ് ടീം സ്വന്തമാക്കിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ മികച്ച തുടക്കത്തിനു ശേഷം ട്രെന്റ് ബൗള്‍ട്ടിനു മുന്നില്‍ പ്രസിഡന്റ്സ് ഇലവന്റെ മധ്യ നിരയും വാലറ്റവും തകര്‍ന്നുവെങ്കിലും ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 295 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റുകള്‍ നഷ്ടത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ടീം ഈ സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ഇന്നിംഗ്സ് 265 റണ്‍സില്‍ അവസാനിച്ചു.

പൃഥ്വി ഷാ(66), ലോകേഷ് രാഹുല്‍(68), കരുണ്‍ നായര്‍(78) എന്നിവരാണ് ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്ത് നല്‍കിയത്. മികച്ച തുടക്കത്തിനു ശേഷം മുന്നൂറിനു മേലുള്ള സ്കോറിലേക്ക് കുതിക്കുകയായിരുന്നു ഇന്ത്യയെ ചെറുത്തത് ട്രെന്റ് ബൗള്‍ട്ടിന്റെ സ്പെല്ലാണ്. തന്റെ 9 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടു നല്‍കി 5 വിക്കറ്റാണ് ബൗള്‍ട്ട് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനായി ടോം ലാഥം 59 റണ്‍സുമായി ടോപ് സ്കോററായി. കെയിന്‍ വില്യംസണ്‍(47), റോസ് ടെയിലര്‍(34) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. ജയ്ദേവ് ഉനഡ്കട്, ഷാഹ്ബാസ് നദീം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. 47.4 ഓവറില്‍ 265 റണ്‍സിനു ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement