ബിഷുവിനു മുന്നില്‍ പതറി സിംബാബ്‍വേ, 159നു ഓള്‍ഔട്ട്

- Advertisement -

ദേവേന്ദ്ര ബിഷുവിന്റെ ബൗളിംഗിനു മുന്നില്‍ സിംബാബ്‍വേ ബാറ്റ്സ്മാന്മാര്‍ പതറിയപ്പോള്‍ ബുലവായോ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനു മേല്‍ക്കൈ. വെസ്റ്റിന്‍ഡീസിന്റെ 219 റണ്‍സ് ആദ്യ ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ സിംബാബ്‍വേ 159 റണ്‍സിനു ഓള്‍ഔട്ട് ആയി. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 88/1 എന്ന നിലയിലാണ്. മത്സരത്തില്‍ 148 റണ്‍സ് ലീഡാണ് വെസ്റ്റിന്‍ഡീസിനുള്ളത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ 38 റണ്‍സുമായി ക്രെയിഗ് ബ്രാത്ത്‍വൈറ്റും കൈല്‍ ഹോപ്പുമാണ്(32).

19/0 എന്ന നിലയില്‍ തങ്ങളുടെ ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്‍വേയ്ക്ക് സോളമന്‍ മീറിനെ(27) ആദ്യം നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റില്‍ 47 റണ്‍സ് കൂടി നേടി ഹാമിള്‍ട്ടണ്‍ മസകഡ്സ-ക്രെയിഗ് ഇര്‍വിന്‍ കൂട്ടുകെട്ട് സിംബാബ്‍വയേ മികച്ച നിലയിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരുടെയും അന്തകനായി ദേവേന്ദ്ര ബിഷൂ അവതരിച്ചു. മസകഡ്സ(42), ക്രെയിഗ് ഇര്‍വിന്‍(39) എന്നിവരുടെ പതനത്തിനു ശേഷം സിംബാബ്‍വേ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

61.3 ഓവറില്‍ 159 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു ആതിഥേയര്‍. ദേവേന്ദ്ര ബിഷൂ അഞ്ച് വിക്കറ്റും, കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement