ഓഫ്‌ സൈഡിലെ ദൈവത്തിന് പിറന്നാളാശംസകൾ

- Advertisement -

തൊണ്ണൂറുകളുടെ അവസാനം , ക്രിക്കറ്റ് ഇന്ത്യയിൽ ലഹരിയായ് പടരുന്ന കാലം. സച്ചിനും അസ്രുദ്ധീനുമൊക്കെ ഒരോ ഇന്ത്യക്കാരുടെയും വീട്ടിലെ ബിംബമായ് മാറികഴിഞ്ഞിരുന്നു.. ആ സമയത്താണു കോഴ വിവാദം ഇന്ത്യൻ ക്രിക്കറ്റിനെ തച്ചുടയ്ക്കുന്നത്. ടീം ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയായ അസ്രൂദ്ദിനും അതിൽ ഉൾപ്പെട്ടെന്നറിഞ്ഞപ്പോൾ തകർന്നത് ഓരോ ക്രിക്കറ്റ് പ്രേമിയുമായിരുന്നു. അവരുടെ പ്രതിക്ഷേധപ്രകടനങ്ങൾ തീർത്തും അമ്പരപ്പിക്കും വിധമായിരുന്നു. വൈകാതെ അസ്രുദ്ധിനു ക്രിക്കറ്റിൽ നിന്ന് ബാൻ ലഭിക്കുകയും ചെയ്യ്തു.

അസ്രുദ്ദിന്റെ ക്യാപ്റ്റൻ യുഗം അവസാനിച്ചതോട് കൂടി ആരായിരിക്കും ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കുകയെന്ന ചോദ്യം രാജ്യമാകെ പടർന്നു. പലരും പ്രതീക്ഷിച്ചിരുന്നത് പോലെ ആ സ്ഥാനം തേടിയെത്തിയത് ഇന്ത്യയുടെ അന്നത്തെ ബെസ്റ്റ് ബാറ്റ്സ്മാൻ കൂടിയായ സച്ചിനിലായിരുന്നു. അല്ല. സച്ചിനിൽ എത്തിച്ചു എന്ന് പറയുന്നതാകും ശരി. തനിക്ക് ഒട്ടും താൽപ്പര്യമില്ലാതിരുന്ന ആ ചുമതല സച്ചിൻ മനപ്പൂർവ്വം ഒഴിഞ്ഞു .പകരം ടീമിലെ ഇടങ്കയ്യൻ ബാറ്റ്സ്മാനും തന്റെ സുഹ്യത്തും കൂടിയായ ഗാംഗുലിയുടെ പേരു നിർദ്ധേശിച്ചു. അങ്ങനെ ടീം ഇന്ത്യയുടെ മുഴുവൻ ചുമതല‌ ബംഗാൾ കാരൻ കൂടിയായ സൗരവിലെത്തപ്പെട്ടു.

സൗരവിന്റെ ഇന്റർനാഷണൽ ക്രിക്കറ്റിലേക്കുള്ള കടന്ന് വരവ് അത്ര നന്നായിരുന്നില്ല. 92 ൽ ആദ്യ ഏകദിനം കളിച്ച സൗരവ് മോശം പ്രകടനത്തെ തുടർന്ന് പലപ്പോഴും ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു. പിന്നീട് രഞ്ചീ ട്രോഫികളും മറ്റു ഇതര ആഭ്യന്തര ക്രിക്കറ്റും കളിച്ച് ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയ സൗരവ് 96ൽ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. അത് വരെ ടീമിൽ പൊസിഷൻ മാറി മാറി കളിച്ച സൗരവിനെ 99 ലാണു അസ്രുദ്ധിൻ ഓപ്പണർ സ്ഥാനം നൽകിയത്. ഓപ്പണർ സ്ഥാനം കൈവന്നപ്പോൾ തന്റെ ഭാഗ്യം കൂടി തെളിഞ്ഞ് കൂടിവരികയാണെന്ന് മനസ്സിലാക്കിയ അയാൾ നിരവധി സെഞ്ചുറികളും അർദ്ധസെഞ്ചുറികളുമായ് കളം നിറഞ്ഞുകൊണ്ടിരുന്നു. ആ സമയത്താണു മറ്റൊരു ഭാഗ്യമെന്നവിധം അയാളെ തേടി ടീമിന്റെ നേത്യസ്ഥാനമെത്തിയത്.

ഒരുപാട് ടൂർണ്ണമെന്റുകൾ വരാനുണ്ട്. 2003ലെ ലോകകപ്പ് ആണു ഏറ്റവും പ്രധാനം. ലോകകപ്പിനു മുമ്പ് ടീമിനെ നന്നായ് അണിയിച്ചൊരുക്കണം, എല്ലാരെയും ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ട് പോകണം. ഇതൊക്കെ ക്യാപ്റ്റന്റെ പണിയാണു. ഗാംഗുലിയെ കൊണ്ട് സാധിക്കുമോ എന്ന് പലരും ആശങ്കപ്പെട്ടു.അങ്ങനെയിരിക്കെയാണു 2002 ൽ ഇന്ത്യ ഇംഗ്ലീഷ് മണ്ണിൽ നാറ്റ്വെസ്റ്റ് ട്രോഫിയ്ക്കായെത്തുന്നത്. ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന പ്രമുഖ ടൂർണ്ണമെന്റാണത് . തികച്ചും ആധികാരിക ജയങ്ങളോടെ ഇന്ത്യ ഇംഗ്ലണ്ടുമായ് ഫൈനൽ കളിക്കാൻ തയ്യാറെടുത്തു.

ഫൈനലിൽ ഒരു വൻ വിജയ ലക്ഷ്യം പിന്തുടരുകയാണു ടീം ഇന്ത്യ .വിക്കറ്റുകൾ ചറപറാന്ന് പോയ് . വിജയിക്കാൻ റൺസ് ഇനിയും വേണം ക്രീസിൽ നിൽക്കുന്നതോ യുവ് രാജ് സിങ്ങും മുഹമ്മദ് കൈഫ് എന്ന് പേരുള്ള രണ്ട് യുവതാരങ്ങൾ. തീർത്തും ടെൻഷൻ ഇല്ലാതെയാണു അവർ ബാറ്റ് ചെയ്യുന്നത് നൂറ്റാണ്ടിലെ താരമായ സച്ചിൻ പോലും ഇംഗ്ലണ്ട് ബോളേഴ്സിനു മുന്നിൽ മുട്ടികുത്തിയിടത്താണു അവരുടെ വീരോചിത പ്രകടനമെന്നോർക്കണം.

” ഇവർ ഇങ്ങനെ സ്വാതന്ത്രത്തോടെ ബാറ്റ് ചെയ്യണമെങ്കിൽ ടീമിൽ ക്യാമ്പിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിരിക്കണം” – ഒരു കമന്റേറ്റർ അഭിപ്രായപ്പെട്ടു

അതേ ആ കമന്റേറ്റർ പറഞ്ഞത് ശരിയായ കാര്യമാണു. ക്യാമ്പിൽ നിന്ന് തന്നെയാണു അവർക്കാ സപ്പോർട്ട് ലഭിച്ചത്. ആ ക്യാമ്പ് നിയന്ത്രിച്ചത് ഗാംഗുലിയെന്ന ക്യാപ്റ്റനായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഗാംഗുലിയുടെ പരിശീലനകളരി തീർത്തും വ്യത്യസ്തമായിരുന്നു. യുവതാരങ്ങൾക്കയാൾ ആവോളം സപ്പോർട്ട് നൽകി. ഫിൽഡിങ്ങിൽ കൈഫിനും യുവിയ്ക്കും ഡോൾഫിനെപ്പോലെ ചാടിമറിയാൻ അയാൾ അവസരം നൽകി. ബോളിങ്ങ് ഡിപ്പാർട്ട്മെന്റിൽ തന്റെ സഹപ്രവർത്തകരെ ആദ്യം പ്രശംസിക്കാൻ വരുന്നത് അയാളായിരുന്നു. എന്തിനു താൻ അടക്കിവാണിരുന്ന ഓപ്പണിങ്ങ് സ്ഥാനം പോലും യുവതാരമായ സേവാഗിന്റെ ബാറ്റിങ്ങ് ടെക്നിക്കിനായ് നൽകുകയായിരുന്നു അദ്ദേഹം. അതിനയാൾക്ക് ലഭിച്ച ആദ്യ പ്രതിഫലമാണു വിരോചിതമായ് നേടിയെടുത്ത ആ നാറ്റ് വെസ്റ്റ് ട്രോഫി. ഇന്നും ക്രിക്കറ്റിലെ മായാത്ത ഓർമ്മകളിലൊന്നായ് ആ ഫൈനലിനെ വിശേഷിപ്പിക്കാം.

ലോകകപ്പിലും നാം കണ്ടത് മറ്റൊന്നുമല്ല. യുവതാരങ്ങളുടെയും സീനിയർ താരങ്ങളുടെയും പിൻബലത്തിൽ പരമ്പരാഗത വൈരികളായ പാകിസ്ഥാനെയും ശ്രിലങ്കയെയുമൊക്കെ ഇന്ത്യ നന്നായ് തന്നെ കശാപ്പ് ചെയ്യ്ത് ഫൈനലിലേക്ക് മാർച്ച് ചെയ്യ്തു. കപ്പുയ്യർത്താൻ സാധിച്ചില്ലെങ്കിലും ഗാംഗുലിയുടെ ക്യാപ്റ്റൻസിലെ ഒരു പൊൻ തൂവലൽ തന്നെയാണു ലോകകപ്പിലെ ആ 2അം സ്ഥാനം. കാരണം അന്നത്തെ ഓരോ ടീമും അത്രയേറെ മികച്ചവയായിരുന്നു. പ്രതിഭാ സമ്പന്നരായ കളിക്കാരായിരുന്നു ഓരോ ടീമിന്റെയും അടിത്തറ പാകിയിരുന്നത്. അന്നത്തെ കാലത്ത് കെനിയയിൽ നിന്ന് പോലും അട്ടിമറി പല ടീമുകളും പ്രതീക്ഷിച്ചതാണു.

” സൗരവ് ആണു എന്നെ ക്രിക്കറ്റിലേക്കടുപ്പിച്ചത്. അയാൾ കാരണമാണു ഞാൻ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടതു ”

ഇതൊരു ക്രിക്കറ്റ് കളിക്കാരന്റെ വാക്കുകളല്ല. മറിച്ച് ഫുട്ബോൾ ജീവനായ് കൊണ്ടു നടന്ന ഇന്ത്യൻ ഫുട്ബോൾ ലെജന്റെന്ന് വിശേഷിപ്പിക്കാവുന്ന ” ബെച്ചൂങ്ങ് ബൂട്ടിയയുടെ വാക്കുകകളാണു. അയാളെപ്പോലും ഗാംഗുലി വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ ചെറുപ്പക്കാരുടെ കാര്യം പറയണോ? ഇന്ന് ലെഫ്റ്റ് ഹാന്റായ് ബാറ്റ് ചെയ്യുന്ന ഓരോത്തരുടെയും പ്രിയതാരം ഒരുപക്ഷേ ഈ മുൻ ഇന്ത്യൻ താരമായിരിക്കാം. അവർക്കയാൾ നൽകിയ പ്രചോദനം വളരെ വലുതാണെന്ന് കാലം തെളിയിച്ചതാണു.

മോശം ഫോമും പരിക്കും മറ്റും ഇന്ത്യക്കാർ സ്നേഹത്തോടെ വിളിക്കുന്ന ഈ ദാദയ്ക്ക് വിലങ്ങുതടിയായപ്പോൾ ടീമിൽ നിന്ന് അപ്രത്യക്ഷ്യമായ് പുറത്താക്കപ്പെടുകയായിരുന്നു അയാൾ. 2 വർഷത്തിലധികം പുറത്തിരുന്നപ്പോൾ കരിയർ തന്നെ അവതാളത്തിലാകുമെന്ന് പലരും വിലയിരുത്തി. പക്ഷേ തളർന്നില്ല, തളരാൻ അനുവദിച്ചില്ലയാൾ ഒരു ഫിനിക്സ് പക്ഷീയെപ്പോലെ ആ രാജകുമാരൻ ഉയർന്ന് വന്നു . തന്റെ വരവറിച്ച ആദ്യ മൽസരത്തിൽ തന്നെ ഫോം കണ്ടെത്തിയ ടിയാൻ 2007 ലോകകപ്പ് ടീമിൽ ഇടം കണ്ടെത്തുകയും ചെയ്യ്തു. ഇന്ത്യ ദാരുണമായ് തോൽവി സംഭവിച്ച ആ ലോകകപ്പിലെ ഇന്ത്യൻ ടോപ്പ് സ്കോറർ കൂടിയാകുകയായിരുന്നു ദാദ.

തന്റെ സ്ഥാനത്തിനായ് ഒരുപാട് യുവതാരങ്ങൾ രംഗത്തുണ്ടെന്നറിഞ്ഞതോടെ മികച്ച ഫോമിലാണെന്ന് പോലുമോർക്കാതെ അയാൾ 2008 ൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പാഡഴിച്ചു. ഒരുപാട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കണ്ണീരിൽകുളിപ്പിച്ചൊരു അപ്രതിഷിത വിടവാങ്ങൽ.

പ്രിയ ദാദ, താങ്കളുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകിരീടങ്ങൾ നേടികാണില്ല. പക്ഷേ ഒന്നോർക്കണം ഞങ്ങൾക്ക് ക്യാപ്റ്റൻസിയുടെ പൂർണ്ണരൂപം‌ കാട്ടിതന്നത് അങ്ങാണു. ഒരു ക്യാപ്റ്റന്റെ പൗരുഷ്യം കാട്ടിതന്നത് അങ്ങാണു. സ്റ്റിവോയും പോണ്ടിങ്ങും ഓസിസിന്റെ കുന്തമുനകളായിരുന്ന കാലത്ത് ഇന്ത്യയെ ക്യാപ്റ്റൻസിയിലൂടെ വിജയം സ്വപ്നം കാണാൻ പഠിപ്പിച്ചത് അങ്ങാണു. സനത് ജയസൂര്യയും .ആഡം ഗിൽക്രിസ്റ്റും , സ്മിത്തും , ബെവനുമൊക്കെ ഓരോടീമിന്റെയും ഇടങ്കയ്യൻ രക്ഷകരായിരുന്നപ്പോൾ ഞങ്ങൾക്ക് ചൂണ്ടികാണിക്കാൻ ഒറ്റപ്പേരേ ഉണ്ടായിരുന്നൂള്ളു. അത് താങ്കളുടേതാണു.

ക്യത്യ സമയത്ത് കളിതുടങ്ങി , ക്യത്യസമയത്ത് ക്യാപ്റ്റൻസി ഏറ്റെടുത്തു , ക്യത്യസമയത്ത് വിടവാങ്ങുകയും ചെയ്യ്തു. ദാ ഇപ്പോൾ ഒരുപാട് ഓർമ്മകളിലൂടെ നടത്തിച്ച് കമന്ററി ബോക്സിലിരുന്ന് പുളകം കൊള്ളിക്കുന്നു.ഇങ്ങനെ കണ്ടാ മതി..മതിവരുവോളം. ഇത് മതി ഞങ്ങളിലെ ഓർമ്മകളെ ഉണർത്തുവാൻ.. ഞങ്ങളെ‌ ആ പഴയകാലത്തെത്തിക്കാൻ.

നന്ദി രാജകുമാരാ, ഒരുപാട് ഓർമ്മകൾക്ക്..

HAPPY BIRTHDAY DADA.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement