സിഡ്നി സിക്സേഴ്സുമായുള്ള കരാര്‍ നീട്ടി എല്‍സെ പെറി

അടുത്ത രണ്ട് സീസണ്‍ കൂടി വനിത ബിഗ് ബാഷില്‍ എല്‍സെ പെറി സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും. താരം ഇന്ന് തന്റെ കരാര്‍ പുതുക്കിയെന്ന് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസി തന്നെയാണ് വെളിപ്പെടുത്തിയത്. 2019ല്‍ താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു, ഇത് കൂടാതെ 50 ഓവര്‍ ഫോര്‍മാറ്റില്‍ താരം വിക്ടോറിയയിലേക്ക് മാറുകയും കൂടി ചെയ്തപ്പോള്‍ താരം മെല്‍ബേണ്‍ ഫ്രാഞ്ചൈസികളില്‍ ഏതിലേക്കെങ്കിലും ബിഗ് ബാഷില്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

2015 സീസണ്‍ മുതല്‍ സിഡ്നി സിക്സേഴ്സിന്റെ ക്യാപ്റ്റനായി പെറി തുടര്‍ന്നും ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്. താരം കരാര്‍ പുതുക്കുവാനുള്ള തീരുമാനം എടുത്തത് മികച്ചതാണെന്നാണ് ടീം കോച്ച് ബെന്‍ സോയര്‍ വെളിപ്പെടുത്തിയത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ പെറിയുടേ സേവനം അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ഉറപ്പാക്കാനായത് മികച്ച നേട്ടമെന്ന് താരം പറഞ്ഞു.