പൊരുതി നോക്കി കാര്‍ട്റൈറ്റും ബാന്‍ക്രോഫ്ടും, പെര്‍ത്തിനു ജയമില്ല

- Advertisement -

ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തുടരെ വീണ വിക്കറ്റുകളില്‍ നിന്ന് കരകയറാനാകാതെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ഉസ്മാന്‍ ഖ്വാജയുടെ 85 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. വിജയലക്ഷ്യമായ 176 റണ്‍സ് നേടുവാനായി ഇറങ്ങിയ പെര്‍ത്ത് എന്നാല്‍ 35/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ് എന്നിവര്‍ ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 3 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെ എത്തിക്കുവാന്‍ അവര്‍ക്കായുള്ളു. അവസാന ഓവറില്‍ 24 റണ്‍സ് ജയിക്കാന്‍ വേണ്ടിയരുന്ന സഖ്യത്തിനു അവസാന പന്തില്‍ 5 റണ്‍സ് എന്ന നിലയിലേക്ക് മത്സരം കൊണ്ടുവരാന്‍ സാധിച്ചുവെങ്കിലും അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് പെര്‍ത്ത് നേടിയത്.

137 റണ്‍സാണ് അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്-ബാന്‍ക്രോഫ്ട് സഖ്യം നേടിയത്. 83 പന്തുകള്‍ ഇതിനായി സഖ്യം നേരിട്ടു. 41 പന്തില്‍ 65 റണ്‍സ് നേടിയ കാര്‍ട്റൈറ്റ് 4 ബൗണ്ടറിയും 3 സിക്സും നേടിയപ്പോള്‍ 56 പന്തില്‍ നിന്ന് 75 റണ്‍സാണ് ബാന്‍ക്രോഫ്ട് നേടിയത്. 5 ബൗണ്ടറിയും 3 സിക്സും അടങ്ങിയതായിരുന്നു ബാന്‍ക്രോഫ്ടിന്റെ ഇന്നിംഗ്സ്.

സിഡ്നി തണ്ടറിനു വേണ്ടി ഗുരീന്ദര്‍ സന്ധു, മിച്ചല്‍ മക്ലെനാഗന്‍, ക്രിസ് ഗ്രീന്‍, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement