ഒരു റണ്‍സ് ജയം, സിഡ്നി തണ്ടറിനു പെര്‍ത്തിനു മേല്‍ ആവേശ ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ ഒരു റണ്‍സ് വിജയം സ്വന്തമാക്കി സിഡ്നി തണ്ടര്‍. ഇന്ന് നടന്ന മത്സരത്തില്‍ സിഡ്നി ആദ്യം ബാറ്റ് ചെയ്ത് 142/6 എന്ന സ്കോര്‍ നേടിയപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 141/5 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു. 55 റണ്‍സ് നേടിയ ജോസ് ബട്‍ലറും 42 റണ്‍സ് നേടിയ കാല്ലം ഫെര്‍ഗൂസണുമാണ് സിഡ്നിയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. 18 റണ്‍സുമായി ക്രിസ് ഗ്രീനും നിര്‍ണ്ണായക സംഭാവന നല്‍കി. ആഷ്ടണ്‍ അഗര്‍ (രണ്ട് വിക്കറ്റ്) ആന്‍ഡ്രൂ ടൈ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, ആന്‍ഡ്രൂ ടൈ, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവരാണ് പെര്‍ത്തിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

ആഷ്ടണ്‍ ടര്‍ണര്‍ 36 പന്തില്‍ നിന്ന് 60 റണ്‍സ് നേടി വില്യം ബോസിസ്റ്റോയോടൊപ്പം(23*) അവസാനം വരെ പൊരുതിയെങ്കിലും ലക്ഷ്യത്തിനു ഒരു റണ്‍സ് അകലെ വരെ ടീമിനെ എത്തിക്കുവാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ടീമിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. ഡാനിയേല്‍ സാംസ് എറിഞ്ഞ ഓവറില്‍ 18 റണ്‍സ് നേടുവാനെ പെര്‍ത്തിനു സാധിച്ചുള്ളു. രണ്ട് പന്തില്‍ എട്ട് റണ്‍സ് വേണ്ട സ്ഥിതിയില്‍ തുടരെ വൈഡുകള്‍ എറിഞ്ഞ് ഡാനിയേല്‍ സാംസ് സിക്സേര്‍സ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയിരുന്നു. അവസാന പന്തില്‍ നിന്ന് നാല് റണ്‍സ് വേണമെന്നിരിക്കെ 2 റണ്‍സ് മാത്രമേ ആഷ്ടണ്‍ ടര്‍ണര്‍ക്ക് നേടാനായുള്ളു.

ഫവദ് അഹമ്മദും ജോനാഥന്‍ കുക്കുമാണ് സിക്സേര്‍സ് ബൗളര്‍മാരില്‍ തിളങ്ങിയത്. ജോനാഥന്‍ കുക്ക് 13 റണ്‍സ് മാത്രം തന്റെ നാലോവറില്‍ വിട്ട് നല്‍കി 1 വിക്കറ്റ് നേടിയപ്പോള്‍ ഫവദ് അഹമ്മദ് നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ നേടി. കാല്ലം ഫെര്‍ഗൂസണ്‍ ആണ് കളിയിലെ താരം.