ഹോബാര്‍ട്ടിന്റെ പടയോട്ടത്തിനു തടസ്സം സൃഷ്ടിച്ച് സിക്സേര്‍സ്, അടിച്ച് തകര്‍ത്ത് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും

വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട ഹോബാര്‍ട്ട് ഹറികെയന്‍സിനെ വീഴ്ത്തി സിഡ്നി സിക്സേര്‍സ്. ഇന്നലെ നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയമാണ് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും തിളങ്ങിയപ്പോള്‍ സിക്സേര്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി മാത്യൂ വെയിഡ്(64), ഡാര്‍സി ഷോര്‍ട്ട്(32), ബെന്‍ മക്ഡര്‍മട്ട്(41), ജോര്‍ജ്ജ് ബെയിലി(9 പന്തില്‍ പുറത്താകാതെ 22) എന്നിവര്‍ തിളങ്ങിയപ്പോള്‍ 172 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്.

എന്നാല്‍ വെറും 17.1 ഓവറില്‍ ഈ ലക്ഷ്യം മറികടക്കുകയായിരുന്നു സിഡ്നി സിക്സേര്‍സ്. നാലാം പന്തില്‍ ഡാനിയേല്‍ ഹ്യൂജ്സിനെ നഷ്ടമായെങ്കിലും പിന്നീട് ടീമിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 167 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് സിക്സേര്‍സിനു വേണ്ടി ജോഷ് ഫിലിപ്പ്, ജെയിംസ് വിന്‍സ് കൂട്ടുകെട്ട് നേടിയത്.

ജോഷ് 49 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയപ്പോള്‍ ജെയിംസ് വിന്‍സ് 50 പന്തില്‍ നിന്ന് 74 റണ്‍സ് നേടി.