ഓള്‍റൗണ്ട് മികവുമായി സ്റ്റോയിനിസ്, ഡെര്‍ബിയില്‍ സ്റ്റാര്‍സിനു ജയം

മെല്‍ബേണ്‍ ഡെര്‍ബിയില്‍ 6 വിക്കറ്റ് ജയവുമായി സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് സ്റ്റാര്‍സിന്റെ വിജയം ഒരുക്കിയത്. 19.3 ഓവറില്‍ റെനഗേഡ്സിനെ 121 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ സ്റ്റാര്‍സ് ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് അവശേഷിക്കെ നേടുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 70 റണ്‍സ് നേടിയ സ്റ്റോയിനിസ് ആണ് ടീമിന്റെ ജയമൊരുക്കിയത്. നേരത്തെ ബൗളിംഗില്‍ സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സിനായി 28 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടോപ് സ്കോറര്‍. ടോം കൂപ്പര്‍ 24 റണ്‍സും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 18 റണ്‍സും നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റാര്‍സ് ബൗളര്‍മാര്‍ റെനഗേഡ്സ് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ ജാക്സണ്‍ ബേര്‍ഡ്, ലിയാം പ്ലങ്കറ്റ്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം പന്തില്‍ ബെന്‍ ഡങ്കിനെ നഷ്ടമായെങ്കിലും 70 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോയിനിസ് ടീമിന്റെ വിജയം ഉറപ്പാക്കിയാണ് ക്രീസ് വിട്ടത്. കെയിന്‍ റിച്ചാര്‍ഡ്സണ് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ നബിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഡ്വെയിന്‍ ബ്രാവോ(17*), നിക് മാഡിന്‍സണ്‍(19) എന്നിവരും സ്റ്റോയിനിസിനു മികച്ച പിന്തുണ നല്‍കി.