ബിഗ് ബാഷ് അരങ്ങേറ്റത്തിനൊരുങ്ങി റഷീദ് ഖാന്‍

- Advertisement -

അഫ്ഗാനിസ്ഥാന്റെ സ്പിന്‍ വസന്തം റഷീദ് ഖാന്‍ ഇന്ന് തന്റെ ബിഗ് ബാഷ് അരങ്ങേറ്റം നടത്തുവാന്‍ സാധ്യത. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സിനു വേണ്ടി ആണ് താരം അരങ്ങേറ്റം കുറിക്കുവാന്‍ സാധ്യത കല്പിക്കപ്പെടുന്നത്. ഐപിഎലിലും മറ്റു പല രാജ്യങ്ങളിലെ ടി20 ലീഗുകളിലും മികച്ച സാന്നിധ്യമായി മാറിക്കഴിഞ്ഞ താരമാണ് റഷീദ് ഖാന്‍. നിലവില്‍ 2017 കലണ്ടര്‍ വര്‍ഷം ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റഷീദ് ഖാന്‍. 17 വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലാണ് ഒന്നാം സ്ഥാനത്ത്.

ഇന്ന് 19 വയസ്സുകാരന്‍ റഷീദ് ഖാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തന്റെ ആദ്യ മത്സരത്തില്‍ സിഡ്നി തണ്ടേഴ്സിനെയാണ് നേരിടുക. ഷെയിന്‍ വാട്സണിന്റെ മികവില്‍ ആദ്യ മത്സരം ജയിച്ചാണ് തണ്ടേഴ്സ് അഡിലെയിഡിനെതിരെ മത്സരത്തിനായി ഇറങ്ങുക. ഈ സീസണില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റഷീദ് ഖാന്‍ ആദ്യത്തെ ഹാട്രിക്ക് നേടിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരം സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി വിക്കറ്റ് വേട്ടക്കാരില്‍ മുമ്പില്‍ തന്നെയുണ്ടായിരുന്നു.

അഡിലെയിഡ് ഓവലിലെ ബൗണ്‍സും ടേണും ഉള്ള പിച്ചില്‍ റഷീദ് ഖാന് കൂടുതല്‍ പ്രഭാവമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement