ഇന്നാദ്യ സെമി: പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് – ഹോബാര്‍ട്ട് ഹറികെയിന്‍സ്

ബിഗ് ബാഷ് 2017-18 സീസണിലെ ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സും ഹോബാര്‍ട്ട് ഹറികെയിന്‍സും നേരിടും. നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 16 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. 10 മത്സരങ്ങളില്‍ 8 മത്സരം ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ടീമിനു തോല്‍വി പിണഞ്ഞു. ചില പ്രമുഖ താരങ്ങളുടെ സേവനമില്ലാതെയാവും പെര്‍ത്ത് സെമി മത്സരത്തിനു ഇറങ്ങുക. ആഡം വോഗ്സ് എന്ന പരിചയസമ്പന്നനായ നായകന്‍ പലപ്പോഴും ടീമിന്റെ രക്ഷകനായി അവതരിക്കുകയാണ്. ആഷ്ടണ്‍ അഗര്‍-ആഷ്ടണ്‍ ടേര്‍ണര്‍ സഖ്യവും മൈക്കല്‍ ക്ലിംഗര്‍ അടങ്ങിയ ബാറ്റിംഗ് നിരയെയാവും പെര്‍ത്ത് ഏറെ ആശ്രയിക്കുക. ദേശീയ ടീമിനു കളിക്കാന്‍ പോയതിനാല്‍ ആന്‍ഡ്രൂ ടൈയുടെ സേവനം ടീമിനു ലഭ്യമായേക്കില്ല. ടീമിലേക്ക് മാര്‍ഷ് സഹോദരന്മാര്‍ എത്തുന്നത് ടീമിനു ശക്തി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലാം സ്ഥാനക്കാരായി സെമിയിലേക്ക് യോഗ്യത നേടിയ ഹോബാര്‍ട്ട് ഹറികെയിന്‍സ് ആണ് പെര്‍ത്തിന്റെ എതിരാളികള്‍. 5 ജയവും 5 തോല്‍വിയും സഹിതം 10 പോയിന്റാണ് ഹോബാര്‍ട്ട് സ്വന്തമാക്കിയത്. മോശം തുടക്കത്തിനു ശേഷമാണ് ടൂര്‍ണ്ണമെന്റിലേക്ക് മികച്ച തിരിച്ചുവരവ് ഹോബാര്‍ട്ട് നടത്തിയത്. ഡിആര്‍ക്കി ഷോര്‍ട്ടും ബിഗ് ബാഷിലെ കള്‍ട്ട് ഹീറോ ജോഫ്ര ആര്‍ച്ചറും നടത്തുന്ന ശ്രദ്ധേയമായ പ്രകടനമാണ് സെമിയില്‍ കടക്കുവാന്‍ ടീമിനു സഹായകരമായത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.10ന് ആണ് ആദ്യ സെമി നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial