ജോഹന്‍ ബോത്ത, റിട്ടയര്‍മെന്റില്‍ നിന്ന് തിരികെ വന്ന് ബിഗ് ബാഷ് കളിക്കാന്‍ ഒരുങ്ങുന്നു

ഹോബാര്‍ട്ട് ഹറികെയിന്‍സിന് വേണ്ടി കളിക്കുവാന്‍ ഒരുങ്ങി മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ജോഹന്‍ ബോത്ത. താരം റിട്ടയര്‍മെന്റ് തീരുമാനം പിന്‍വലിച്ചാണ് ഈ സീസണില്‍ ബിഗ് ബാഷ് കളിക്കുവാനായി മടങ്ങിയെത്തുന്നത്. ഓസ്ട്രേലിയന്‍ പൗരത്വം 2016ല്‍ ലഭിച്ച താരത്തിന് പ്രാദേശിക താരമെന്ന രീതിയില്‍ കളിക്കാനാകും.

താരം ടാസ്മാനിയയില്‍ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ തീരുമാനിച്ചത്.

ബിഗ് ബാഷില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടോം കറന്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് താരം ടോം കറന്‍. കഴിഞ്ഞ ദിവസം ബയോ ബബിളിലെ ജീവിതം ഒഴിവാക്കുവാനായി ഇംഗ്ലണ്ടില്‍ കറന്റെ സഹ താരമായ ടോം ബാന്റണ്‍ ബിഗ് ബാഷ് കളിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ടോം കറന്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായാണ് ഈ തീരുമാനത്തിലെത്തിയത്.

ജൂലൈ മുതല്‍ ബയോ ബബിളിലാണ് ടോം ബാന്റണ്‍ കഴിയുന്നത്. ഇംഗ്ലണ്ടിന് വേണ്ടിയും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ്. സിഡ്നി സിക്സേഴ്സിന് വേണ്ടിയായിരുന്നു ബാന്റണ്‍ ഈ സീസണ്‍ കളിക്കുവാനിരുന്നത്.

ബയോ ബബിളിൽ നിൽക്കാൻ വയ്യ, ബാന്റൺ ബിഗ് ബാഷിൽ നിന്ന് പിൻവാങ്ങി

ബിഗ് ബാഷ് ക്ലബായ ബ്രിസ്ബെയ്ൻ ഹീറ്റിന് വൻ തിരിച്ചടി. അവരുടെ യുവതാരം ബാന്റൺ ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറി. തുടർച്ചയായ ബയോ ബബിളുകൾ തന്നെ മാനസികമായും ശാരീരികവുമായും തളർത്തുകയാണ് എന്ന് പറഞ്ഞാണ് ബാന്റൺ ബിഗ് ബാഷിൽ നിന്ന് പിന്മാറിയത്. ഇംഗ്ലണ്ട് ടീമിനൊപ്പം സ്ഥിരമായി ബയോ ബബിളിൽ നിന്ന് മടുത്ത താരം താൻ സ്വന്തം വീട്ടിലേക്ക് മടങ്ങുക ആണ് എന്നും പറഞ്ഞു.

ഹീറ്റ്സിന് ഈ വാർത്ത വലിയ തിരിച്ചടിയാണ്. 22കാരനായ താരം കഴിഞ്ഞ സീസണിൽ 178 സ്ട്രേക്ക് റേറ്റിൽ 273 റൺസ് ഹീറ്റ്സിനായി നേടിയിരുന്നു. കോവിഡ് യാത്ര വിലക്കുകൾ ഉണ്ടാകും എന്നതിനാൽ ഡി വില്ലേഴ്സും ഹീറ്റ്സിനു വേണ്ടി ഈ സീസണിൽ കളിക്കില്ല എന്ന് അറിയിച്ചിരുന്നു. ഇന്നലെ കൊറോണ പോസിറ്റീവ് ആയ മുജീബ് റഹ്മാൻ ഇനി കളിക്കുമോ എന്നതും സംശയമാണ്. വെള്ളിയാഴ്ച മെൽബൺ സ്റ്റാർസിനെതിരെ ആണ്. ഹീറ്റ്സിന്റെ ലീഗിലെ ആദ്യ മത്സരം.

അഫ്ഗാൻ സ്പിന്നർക്ക് കൊറോണ പോസിറ്റീവ്

അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബുറഹ്‌മാന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബിഗ് ബാഷ് ലീഗിന് വേണ്ടി ഓസ്ട്രേലിയയിൽ എത്തിയ താരത്തിന് അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. താരത്തിനെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വീൻസ് ലാൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ സൗകര്യത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് മുജീബുറഹ്‌മാൻ ഓസ്ട്രേലിയയിലേക്ക് തിരിച്ചത്.

തുടർന്ന് ക്വറന്റൈനിൽ നിന്ന താരത്തിന് ലക്ഷണങ്ങൾ കാണിക്കുകയും തുടർന്ന് ടെസ്റ്റ് നടത്തുകയും ചെയ്തതിനെ തുടർന്ന് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്‌ബേൻ ഹീറ്റ്സിനു കളിക്കാൻ വേണ്ടിയാണ് മുജീബുറഹ്‌മാൻ ഓസ്ട്രേലിയയിൽ എത്തിയത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബിഗ് ബാഷിൽ ബ്രിസ്‌ബേൻ ഹീറ്റ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിയില്ല.

ഇമാദ് വസീമുമായി കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീമുമായി ബിഗ് ബാഷ് കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്. റിലി റൂസോവ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പുറമെ വിദേശ താരമായാണ് ഇമാദ് റെനഗേഡ്സ് നിരയില്‍ എത്തുന്നത്.

അടുത്തിടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനെ കിരീടത്തിലേക്ക് ഇമാദ് വസീം നയിച്ചിരുന്നു. ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗാംഷയറിന് വേണ്ടി 11 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തിരുന്നു. ഇമാദ് ടി20യിലെ മികച്ച താരങ്ങളില്‍ ഒരാളാണെന്നും ടീമിനായി ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഒരു പോലെ സംഭാവന ചെയ്യുവാന്‍ കഴിയുന്ന താരമാണ് ഇമാദെന്നും റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ വ്യക്തമാക്കി.

പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യുവാന്‍ ശേഷിയുള്ള താരം മധ്യ നിരയിലും മുതല്‍ക്കൂട്ടാവുമെന്ന് ക്ലിംഗര്‍ വ്യക്തമാക്കി. അടുത്തിടെ കിരീടം നേടിയ അനുഭവവും റെനഗേഡ്സിന് തുണയാകുമെന്ന് ക്ലിംഗര്‍ കൂട്ടിചേര്‍ത്തു.

ബൈര്‍സ്റ്റോയ്ക്ക് പകരം മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ പകരം താരമായി ആന്‍ഡ്രേ ഫ്ലെച്ചറെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഡ്യൂട്ടി ഉള്ളതിനാലാണ് ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

ഇപ്പോള്‍ വിന്‍ഡീസ് ടീമിനൊപ്പം ന്യൂസിലാണ്ടില്‍ ഉള്ള താരം ജനുവരി 26 വരെ സ്റ്റാര്‍സ് നിരയില്‍ കാണും. ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ ടീമിന് നിരാശയുണ്ടെങ്കിലും ഫ്ലെച്ചറിന്റെ വരവില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മെല്‍ബേണ്‍ സ്റ്റോര്‍സ് മുഖ്യ കോച്ച് ഡേവിഡ് ഹസ്സി പറയുന്നത്.

ജേസൺ ഹോൾഡർ സിഡ്നി സിക്സേഴ്സിനായി കളിക്കും

വെസ്റ്റിൻഡീസ് ആൾ റൗണ്ടർ ജേസൺ ഹോൾഡറെ സിഡ്നെ സിക്സേഴ്സ് സൈൻ ചെയ്തു. ബിഗ് ബാഷ് ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ മാത്രമാകും ഹോൾദർ കളിക്കുക. ഇപ്പോൾ വെസ്റ്റിൻഡീസിനൊപ്പം ന്യൂസിലൻഡിലാണ് ഹോൾദർ ഉള്ളത്. ന്യൂസിലൻഡുമായുള്ള ടെസ്റ്റ് പരമ്പര കഴിയുന്നതിന് പിന്നാലെ ഹോൾഡറിന് സിഡ്നി സിക്സേഴ്സിനൊപ്പം ചേരാം. ന്യൂസിലൻഡിൽ നിന്ന് എത്തുന്നത് കൊണ്ട് ഓസ്ട്രേലിയയിൽ ക്വാരന്റൈൻ ഉണ്ടാകില്ല.

ഡിസംബർ 20ന് നടക്കുന്ന അഡ്ലൈഡ് സ്ട്രൈക്കേഴ്സുമായുള്ള മത്സരം, ഡിസംബർ 26ന് നടക്കുന്ന മെൽബൺ സ്റ്റാർസുമായുള്ള മത്സരം, ഡിസംബർ 29ന് നടക്കുന്ന മെൽബൺ റെനഗെഡ്സുമായുള്ള മത്സരം എന്നിവയിൽ ആകും ഹോൾഡർ കളിക്കുക. ഐ പി എല്ലിൽ സൺ റൈസേഴ്സിനു വേണ്ടി കളിച്ച താരമാണ് ഹോൾഡർ.

ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം മാത്രമേ ബിഗ് ബാഷിലേക്ക് മടങ്ങി വരുന്നുള്ളു – ഡേവിഡ് വാര്‍ണര്‍

താന്‍ ബിഗ് ബാഷിലേക്ക് വരുന്നത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിന് ശേഷം മാത്രമാകുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ബിഗ് ബാഷില്‍ നിന്ന് ഓസ്ട്രേലിയന്‍ മുന്‍ നിര താരങ്ങള്‍ പലപ്പോഴും വിട്ട് നില്‍ക്കുക പതിവാണ്. അതിന് പ്രധാന കാരണം അതേ സമയത്ത് ഓസ്ട്രേലിയന്‍ ബോര്‍ഡ് മറ്റു അന്താരാഷ്ട്ര പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുന്നു എന്നത് തന്നെയാണ്. ഇതോടെ ഓസ്ട്രേലിയയുടെ ദേശീയ താരങ്ങളുടെ സാന്നിദ്ധ്യം പലപ്പോഴും പല മത്സരങ്ങളും ഉണ്ടാകില്ല.

2013-14 സീസണ്‍ മുതല്‍ വാര്‍ണര്‍ ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഓസ്ട്രേലിയയ്ക്കായി കളിക്കുമ്പോള്‍ തനിക്ക് ബിഗ് ബാഷിലും കളിക്കാനാകില്ല എന്നതാണ് സത്യമെന്നും വാര്‍ണര്‍ സൂചിപ്പിച്ചു. തന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കുവാനും തനിക്ക് സമയം വേണമെന്നും വാര്‍ണര്‍ പറഞ്ഞു.

അതേ സമയം ഈ മുന്‍ നിര താരങ്ങളെല്ലാം ഐപിഎലില്‍ പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ ബയോ ബബിളില്‍ കഴിയേണ്ടി വരുന്നു എന്നതും താരങ്ങളെ ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയാണ്.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി നാല് വര്‍ഷത്തെ കരാര്‍ കൂടി ഒപ്പുവെച്ച് അലെക്സ് കാറെ

അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി പുതിയ കരാറിലെത്തി അലെക്സ് കാറെ. നാല് വര്‍ഷത്തേക്ക് കൂടി ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ താരം ടീമിനൊപ്പം തുടരും. 2017ല്‍ ആണ് കാറെ ടീമിനൊപ്പമെത്തുന്നത്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അലെക്സ് കാറെ.

ടീമിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറര്‍ കൂടിയാണ് താരം. 35 മത്സരങ്ങളില്‍ നിന്ന് 1163 റണ്‍സ് ആണ് താരം നേടിയിട്ടുള്ളത്. ഒരു ശതകവം ആറ് അര്‍ദ്ധ ശതകങ്ങളും താരം നേടിയിട്ടുണ്ട്.

കീമോ പോള്‍ ബിഗ് ബാഷിനെത്തുന്നു, ഹറികെയിന്‍സുമായി കരാര്‍

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ അംഗമായിരുന്നുവെങ്കിലും അവസരം ലഭിയ്ക്കാതിരുന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീമോ പോള്‍ ബിഗ് ബാഷിനെത്തുന്നു. ഹോബാര്‍ട്ട് ഹറികെയിന്‍സിനൊപ്പമാണ് താരം ടൂര്‍ണ്ണമെന്റിനായി എത്തുന്നത്. ദാവിദ് മലന്‍ ആണ് ഫ്രാഞ്ചൈസിയുടെ മറ്റൊരു വിദേശ താരം.

റിക്കി പോണ്ടിംഗിന്റെ മികച്ച അഭിപ്രായമാണ് ഹോബാര്‍ട്ടില്‍ താരത്തിന് അവസരം ലഭിക്കുവാന്‍ കാരണമെന്നാണ് മനസ്സിലാക്കുവാനാകുന്നത്. വിന്‍ഡീസിന്റെ ന്യൂസിലാണ്ട് പര്യടനത്തിന് ശേഷമാവും കീമോ പോള്‍ ടീമിനൊപ്പമെത്തുക.

ബിഗ് ബാഷില്‍ പുതിയ നിയമങ്ങള്‍

മൂന്ന് പുതിയ നിയമങ്ങള്‍ പുറത്ത് വിട്ട് ഓസ്ട്രേലിയയുടെ ടി20 ലീഗ് ആയ ബിഗ് ബാഷ്. പവര്‍ സര്‍ജ്, എക്സ്-ഫാക്ടര്‍ പ്ലേയര്‍, ബാഷ് ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് നിയമാവലിയാണ് പുതുതായി ഈ വരുന്ന പത്താം സീസണിന് വേണ്ടി ബിഗ് ബാഷ് തയ്യാറാക്കിയിട്ടുള്ളത്.

പവര്‍ സര്‍ജില്‍ രണ്ട് ഓവറിലേക്ക് രണ്ട് താരങ്ങള്‍ക്ക് മാത്രമേ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് പാടുള്ളു. ബാറ്റിംഗ് ടീമിന് 11ാം ഓവറിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഇത് ഉപയോഗിക്കാം. അതേ സമയം തുടക്കത്തിലെ ആറോവര്‍ പവര്‍പ്ലേ നാലോവറാക്കി ചുരുക്കിയിട്ടുണ്ട്.

എക്സ് ഫാക്ടര്‍ പ്ലേയറായി നിയമിക്കുന്ന താരത്തിന് ആദ്യ ഇന്നിംഗ്സിന്റെ പത്താം ഓവറിന് ശേഷം മത്സരത്തിലെ ഇതുവരെ ബാറ്റ് ചെയ്യാത്ത താരത്തെയോ ഒരോവറില്‍ അധികം ബൗള്‍ ചെയ്യാത്ത താരത്തിനെയോ മാറ്റി മത്സരത്തില്‍ ഇറങ്ങാനാകും എന്നതാണ് നിയമം.

ബാഷ് ബൂസ്റ്റ് രണ്ടാം ഇന്നിംഗ്സിന്റെ പാതി ഘട്ടത്തില്‍ നല്‍കുന്ന അധിക പോയിന്റാണ്. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം അധികം റണ്‍സ് നേടിയിട്ടുണ്ടേല്‍ ബാറ്റിംഗ് ടീമിന് അധിക പോയിന്റ് ലഭിയ്ക്കും. അല്ലാത്ത പക്ഷം ഫീല്‍ഡിംഗ് ടീമിനാണ് ബോണ്‍സ് പോയിന്റ്.

 

സിഡ്നി സിക്സേഴ്സുമായി കരാറിലെത്തി കാര്‍ലോസ് ബ്രാത്‍വൈറ്റ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സുമായി കരാറിലെത്തി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. 2017-18 സീസണില്‍ താരം സിക്സേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. ആ സീസണില്‍ നാല് മത്സരങ്ങളിലാണ് ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി താരം ജേഴ്സിയണിഞ്ഞത്.

ബ്രാത്‍വൈറ്റിനെ കൂടാതെ ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്. ഇരു താരങ്ങളും സീസണ്‍ മുഴുവന്‍ ടീമിനായി കളിക്കാനുണ്ടാകും.

Exit mobile version